ചെങ്ങന്നൂർ: കൊടുംചൂടിൽ ദാഹമകറ്റാൻ ശീതള പാനീയമാവാം. പക്ഷേ സൂക്ഷിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് .
പൊള്ളുന്ന ചൂടിൽ ഇവ ആശ്വാസം നൽകുമെങ്കിലും ആരോഗ്യത്തിന് ഹാനികരമാകാനുള്ള സാദ്ധ്യത ഏറെയാണ്. പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറയ്ക്കുന്ന വെള്ളത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
തുടർച്ചയായി വെയിലേറ്റാൽ മൈക്രോ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കിൽ ചേർത്തിട്ടുള്ള രാസവസ്തുവായ ഡിസ്റ്റിനോളും നേരിയ തോതിൽ വെള്ളത്തിൽ കലരും. മലിനമായ വെള്ളത്തിന്റെ ഉപയോഗം മൂലം ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. കുപ്പിവെള്ള പരിശോധനയും ഐസിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കുപ്പികളിൽ നൽകുന്ന പാനീയങ്ങളും സാധാരണ വെള്ളവും വേനലിലെ കൊടിയ ചൂടിൽ നൽകുന്നത് താത്കാലിക ആശ്വാസം മാത്രമാണ്.
വിവിധ നിറത്തിലും രുചിയിലുമുള്ള ശീതള പാനിയങ്ങളിലെ ഘടകങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. പ്ലാസ്റ്റിക്കിൽ നിന്ന് ഭക്ഷണ പാനീയങ്ങളിലേക്ക് പ്രവേശിക്കുന്ന രാസഘടകമാണ് ബിപിഎ (ബിസ്ഫിനോൾ). കടുപ്പമേറിയ പ്ലാസ്റ്റിക് കുപ്പികളിലാണ് ഈ ഘടകം പൊതുവേ കാണുന്നത്. വന്ധ്യതയ്ക്കും അർബുദങ്ങൾക്കും വരെ കാരണമാകുന്ന കാർസിനോജൻ സ്വഭാവമുള്ള രാസവസ്തുവാണ് ബിപിഎ. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കില്ലെങ്കിലും ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
@ കുപ്പിവെള്ളവും ശീതളപാനീയങ്ങളും വെയിലേൽക്കുന്ന സ്ഥലങ്ങളിൽ തൂക്കിയിടരുത്.
@ കുടിവെള്ളത്തിന്റെ ഗുണമേന്മ ആറ് മാസത്തിനുള്ളിൽ പരിശോധിച്ച സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം
@ വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസുകൾ ജ്യൂസുകളിലും സർബത്തുകളിലും ഉപയോഗിക്കാൻ പാടില്ല.
@ ഗുണമേന്മയില്ലാത്ത ഐസ് ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് അടക്കമുള്ള ജലജന്യ രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്.
@ ശുദ്ധജലത്തിൽ മാത്രമേ ഐസ് ഉപയോഗിക്കാവു.