
പത്തനംതിട്ട : പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജില്ലാ കളക്ടറും വരണാധികാരിയുമായ പ്രേം കൃഷ്ണനാണ് നാമനിർദ്ദേശപത്രിക കൈമാറിയത്. മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, മുൻ എം.എൽ.എ കെ.ശിവദാസൻ നായർ, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, മുസ്ലിം ലീഗ് നേതാവ് കെ.ഇ.അബ്ദുൾ റഹ്മാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി വരണാധികാരിയായ ജില്ല കളക്ടർ പ്രേം കൃഷ്ണൻ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ , ജില്ലാപ്രസിഡന്റ് അഡ്വ.വി.എ.സൂരജ് , ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ് , എൻ.ഡി.എ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് നഗരത്തിലൂടെ പ്രകടനമായാണ് കളക്ടറേറ്റ് കവാടം വരെ സ്ഥാനാർത്ഥി അനിൽ ആന്റണി പത്രിക സമർപ്പണത്തിന് എത്തിയത്.
മലയോരനാടിന്റെ സ്നേഹം ഏറ്റുവാങ്ങി ഐസക്ക്
പൂഞ്ഞാർ : കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുപര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർത്ഥിക്കൊപ്പം അണിചേർന്നു .
ബാൻഡുമേളവും മുത്തുക്കുടയും പൂക്കുടയും വർണബലൂണുകളുമായി പാതയോരങ്ങളിൽ തടിച്ചുകൂടിയവർ തോമസ് ഐസക്കിന് അഭിവാദ്യം നേർന്നു. തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടിയിൽ നിന്ന് ആരംഭിച്ച പര്യടനം, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം പാറത്തോട് പഞ്ചായത്തിലെ ചോറ്റിയിൽ അവസാനിച്ചു.
എൽ.ഡി.എഫ് നേതാക്കളായ കെ.ജെ.തോമസ്, രാജു എബ്രഹാം, ജോയി ജോർജ്, രമാ മോഹൻ, കെ.രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി, കുര്യാക്കോസ് ജോസഫ്, ശുഭേഷ് സുധാകരൻ, അഡ്വ.സാജൻ കുന്നത്ത് എന്നിവർ സ്ഥാനാർത്ഥിയ്ക്കൊപ്പമുണ്ടായിരുന്നു.