അടൂർ :പള്ളിക്കൽ ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച വർണാഭമായി. കൊട്ടും കുരവയും ആർപ്പുവിളികളും അമ്മൻകുടവും വാദ്യമേളങ്ങളുമായി ഉത്സവമേളം തീർത്താണ് കെട്ടുരുപ്പടികൾ ഒരോന്നും ക്ഷേത്രപരിസരത്തേക്കെത്തിയത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച മഹാദേവന്റെ നന്ദികേശന്മാർ പുണ്യദർശനമായി. പത്തിൽപ്പരം ഗജവീരന്മാർ തിടമ്പേറ്റി അണിനിരന്നതോടെ ക്ഷേത്രാങ്കണം പൂരപ്പറമ്പായി. ക്ഷേത്രത്തിൽ നിന്ന് തിടമ്പറ്റിയ ആന പടിക്കെട്ടുകൾ ഇറങ്ങി വന്ന് സ്വീകരിച്ചതോടെ നേർച്ച ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് വലംവച്ച് നിരന്നു. സ്വീകരണം ഏറ്റുവാങ്ങിയ കെട്ടുരുപ്പടികൾ ക്രമപ്രകാരം ക്ഷേത്ര മുറ്റത്ത് കളിച്ചു. ഗജരാജന്മാർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ആറാട്ട് ചിറയിൽ പോയി ആറാട്ട് എഴുന്നള്ളത്തിന് ശേഷം തിരിച്ചെത്തി ക്ഷേത്രാങ്കണത്തിൽ നിലയുറപ്പിച്ചു .
വൈക്കോൽ കതിരിൽ തീർത്ത നന്ദികേശൻ കാഴ്ചക്കാർക്ക് കൗതുകമായി.കലാപരിപാടികൾക്കും ക്ഷേത്രാചാര ചടങ്ങുകൾക്കും ശേഷം ഉത്സവം കൊടിയിറങ്ങി.