ചെങ്ങന്നൂർ: കെ.എം ചെറിയാൻ ആശുപത്രിയിൽ അശാസ്ത്രീയമായി കുഴിച്ചുമൂടാൻ ശ്രമിച്ച മാലിന്യം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നീക്കിത്തുടങ്ങി. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷൈനി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . തുടർന്ന് തിരുവൻവണ്ടൂർ പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കാൻ ആശുപത്രി
മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മാലിന്യം നീക്കം ചെയ്യാൻ തുടങ്ങി .
മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ചത് സംബന്ധിച്ച് നേരത്തെ പരാതി നൽകിയപ്പോൾ പഞ്ചായത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നിയമ ലംഘനത്തിന് നോട്ടീസ് നൽകിയശേഷം നിസാരപിഴ ചുമത്തുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
അതേസമയം മാലിന്യത്തിന്റെ തോത് കണക്കിലെടുത്തും ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കാത്തത് പരിഗണിച്ചുമേ തുക ഈടാക്കാൻ സാധിക്കു എന്ന് അധികൃതർ പറയുന്നു. അതേസമയം ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെ പഞ്ചായത്ത് ഭരണകൂടവും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇതു സംബന്ധിച്ച് കളക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. പാണ്ടനാട് പഞ്ചായത്ത് നാലാം വാർഡിൽ ഒഴുക്കിയ മാലിന്യം ആശുപത്രി മാലിന്യമാണോ എന്ന് സംശയമുണ്ട്.