shop

തിരുവല്ല : നഗരമദ്ധ്യത്തിലെ കുരിശുകവലയിൽ മണ്ണെണ്ണ ഗോഡൗണിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കുരിശു കവലയിലെ ഐരാമ്പള്ളി ബിൽഡിങ്ങിൽ കുന്നന്താനം സ്വദേശി ജോയി വർഗീസിന്റെ കടയുടെ ഗോഡൗണിന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നഴ്‌സ് കൊല്ലം മലരി കാർത്തികയിൽ വത്സല ആർ. പിള്ള പുക ശ്വസിച്ച് ബുദ്ധിമുട്ടിലായി. കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഇവരെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് താഴെയിറക്കി രക്ഷപ്പെടുത്തി. മണ്ണെണ്ണക്കടയിൽ ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥാപനം ഏതാനും നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗോഡൗണിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യുന്നതിനിടെ വെൽഡിംഗ് ചെയ്യുമ്പോൾ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ടാങ്കിന് തീ പിടിക്കുകയായിരുന്നു.