accident-
തോട്ടമണ്ണിൽ അപകട വളവിൽ നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായി തോട്ടമൺ കോടതിപ്പടി വളവ്. തോട്ടമൺകാവ് ദേവീക്ഷേത്രത്തിന് സമീപം ഇന്നലെ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല.പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തോട്ടമൺ ദേവീക്ഷേത്രത്തിന് സമീപത്തെ കൊടും വളവിലാണ് ഇന്നലെ രാവിലെ 9 ന് അപകടം ഉണ്ടായത്. പത്തനംതിട്ട ഭാഗത്തു നിന്ന് 4 യുവാക്കൾ സഞ്ചരിച്ച കാറിലെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. അപകടം നടന്ന സമയത്ത് നടപ്പാതയിൽ കാൽനട യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

റോ‌ഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് നാട്ടുകാർ

സംസ്ഥാന പാത നിർമ്മാണത്തിൽ വളവുകൾ നിവർത്തി നിർമ്മാണം നടത്തണമെന്നുള്ള വ്യവസ്ഥ പാലിക്കാതെ ഉദ്യോഗസ്ഥർ അശാസ്ത്രീയ റോഡുപണി നടത്തിയതിനാലാണ് ഇവിടെ അപകടം പതിവായതെന്നാണ് നാട്ടുകാരുടെ ആരോപണം. സംസ്ഥാന പാതയിൽ പ്ലാച്ചേരി - കോന്നി റീച്ചിൽ തോട്ടമണ്ണിന്‌ പുറമെ മന്ദമരുതി, ഉതിമൂട് മേഖലയിലും സ്ഥിരം അപകടം നടക്കുന്നത് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. നിരവധി ജീവനുകളാണ് റോഡ് നിർമ്മാണത്തിന് ശേഷം പൊലിഞ്ഞത്.