1
പെരുമ്പെട്ടി വനാനിർത്തിയിൽ രണ്ടാംഘട്ട ഡിജിറ്റൽ സർവേയുടെ ഭാഗമായി റവന്യൂ, വനം, സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

മല്ലപ്പള്ളി : തസിൽദാരുടെ സാന്നിദ്ധ്യത്തിൽ പെരുമ്പെട്ടി ഡിജിറ്റൽ സർവേ ഓഫീസറുടെ നേതൃത്വത്തിൽ വനം റവന്യു സർവേ ഉദ്യോഗസ്ഥർ വലിയകാവ് വനത്തിന്റെ അതിർത്തിപരിശോധന ആരംഭിച്ചു. വനത്തിന്റെ വടക്കു പടിഞ്ഞാറേ അതിർത്തിയിലുള്ള ഒന്നാം നമ്പർ ജണ്ടയിൽനിന്ന് ആരംഭിച്ച സർവേ പൂർത്തിയാക്കുമ്പോൾ അതിർത്തി സംബന്ധിച്ച അവ്യക്തത പരിഹരിച്ചു കിട്ടുമെന്ന പ്രത്യാശയിലാണ് ജനങ്ങൾ. 2019 ൽ ആരംഭിച്ച സർവേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനാതിർത്തിക്കു പുറത്താണെന്നു തെളിഞ്ഞിരുന്നു. എന്നാൽ ആ സർവേ അന്തിമഘട്ടത്തിൽ മുടങ്ങുകയായിരുന്നു. ഡിജിറ്റൽ റീ സർവേയിലൂടെ മുൻ സർവേരേഖകളിൽ പിശകുകൾ വന്നുപോയിട്ടുണ്ടെങ്കിൽ അവ തിരുത്തി ഭൂമിയിൽ കാണുന്ന യഥാർത്ഥ അളവുകളുടെ തർക്കമറ്റ രേഖ തയാറാക്കും. 1958 ലെ വനവിജ്ഞാപനം അനുസരിച്ചു വലിയകാവ് വനത്തിൽ പെരുമ്പെട്ടിവില്ലേജിൽ നിന്ന് 544.60 ഹെക്ടർ ഭൂമിയാണ് ഉൾപ്പട്ടിട്ടുള്ളത്. അത് വേർതിരിച്ചു വനം എന്നു രേഖപ്പെടുത്തി മാറ്റിയാൽ അതിന് പുറത്തുള്ള 512 കർഷകർക്ക് റവന്യു പട്ടയം നൽകാൻ സർക്കാരിന് കഴിയും.