ചെങ്ങന്നൂർ : കൊടുംചൂടിൽ കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ പി.ഐ.പി. (പമ്പാ ഇറിഗേഷൻ പ്രോജക്ട് )കനാലിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവുകൂട്ടണമെന്ന് മുളക്കഴ - വെൺമണി പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. ഇടത്, വലത് കരകളിലൂടെയായി 11ക്യുബിക്ക് വെള്ളമാണ് തുറന്നുവിടുന്നത്. ജനുവരിയിൽ 12 ക്യുബിക്ക് വെള്ളമായിരുന്നു തുറന്നു വിട്ടിരുന്നത്. പുഞ്ചക്കൊയ്ത്ത് തുടങ്ങിയതോടെ വെള്ളത്തിന്റെ അളവ് കുറച്ചു. നേരത്തേ കൃഷിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കൂടുതൽ വെള്ളം തുറന്നുവിട്ടത്. കൊയ്തുകഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ആവശ്യമില്ലെങ്കിലും സമീപത്തെ ജലസ്രോതസുകൾ വറ്റിയതോടെ ജലക്ഷാമം രൂക്ഷമായി. കൂടാതെ, വിഷുക്കാലം ലക്ഷ്യമിട്ടിറക്കിയ ഏത്തവാഴകളും, പച്ചക്കറികൾക്കും കരക്കൃഷിക്കും വെള്ളമില്ലാതെ കരിഞ്ഞു.പി.ഐ.പി.കനാലിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മറ്റുസ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടാറില്ല. ഈ സാഹചര്യത്തിലാണ് പുഞ്ചക്കൊയ്ത്തു കഴിഞ്ഞ മേഖലകളിലേക്കും വെള്ളമെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്.
വെള്ളം നിയന്ത്രിക്കുമെന്ന് പി.ഐ. പി. ഉദ്യോഗസ്ഥർ
വർഷങ്ങളായി നവീകരിക്കാതെകിടന്ന പി.ഐ.പി. കനാലിൽ നല്ലൊരുഭാഗം നവീകരിച്ചിരുന്നു. ഇതുമൂലം തുറന്നുവിടുന്ന വെള്ളത്തിന്റെ ചോർച്ച കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു വിലയിരുത്തൽ. ചോർച്ച പരിഹരിച്ച മേഖലകളിൽനിന്നു കൂടുതൽ വെള്ളമെത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. വേനൽ ഇതേരീതിയിൽ തുടരുകയാണെങ്കിൽ കനാൽ വെള്ളത്തിനുള്ള ആവശ്യമേറും. എന്നാൽ, വെള്ളം നിയന്ത്രിച്ച് കൊടുക്കാൻ മാത്രമേ കഴിയൂ എന്ന നിലപാടിലാണ് പി.ഐ. പി. ഉദ്യോഗസ്ഥർ.
........................
വെള്ളത്തിന്റെ കുറവു കാരണം കരകൃഷികൾ കരിയുന്നു. എത്രയും വേഗം പരിഹാരം കാണണം.
സ്ഥലവാസി
(ലീന )
...............
എല്ലാവർഷവും വെള്ളത്തിന് ബദ്ധിമുട്ട് അനുഭവിക്കാറുണ്ട് , നെല്ല് കൃഷി കൊയ്ത്തു കഴിഞ്ഞു, ഇനിയെങ്കിലും കനാൽ കുറച്ചു തുറന്നു വിടണം, ചെറിയ കൃഷി കർഷകർ പ്രതിസന്ധിയിലായി.
സ്ഥലവാസി
(കുഞ്ഞുകുട്ടൻ)