kolangal
കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ -തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനിയുടെ ഭാഗമായി കളത്തിൽ തുള്ളി ആടുന്ന ഭൈരവി കോലങ്ങൾ

തിരുവല്ല: കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ അടവി ഗ്രാമോത്സവം ഇന്ന് നടക്കും. പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരുകരകളിലെ വീടുകളിൽ നിന്നും മരങ്ങൾ ശേഖരിച്ച് ക്ഷേത്രപരിസരത്ത് വയ്ക്കും. രാത്രി 9.30ന് വിളക്കുവച്ച് പുലവൃത്തത്തോടെ പടേനിയ്ക്ക് തുടക്കമാകും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ശേഷം തപ്പിൽ ജീവതാളത്തിൽ കൊട്ടികയറും.തപ്പുമേളം കാപ്പൊലിച്ചശേഷം താവടി നടക്കും.തുടർന്ന് യക്ഷികിന്നരഗന്ധർവാദി സൈന്യങ്ങളെയും കരക്കാർ ഒത്തുചേർന്ന് ചൂട്ടുകറ്റ കത്തിച്ചുപിടിച്ച് കൂകിവിളിച്ച് വരുത്തുന്നതിനായി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വയ്ക്കുമ്പോൾ ചൂട്ടുവയ്പ്പ് പൂർത്തിയാകുന്നു. ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. ഗണപതി കോലത്തോടെ മുഖംമറച്ചുള്ള പാളക്കോലങ്ങളുടെ തുള്ളലാകും.ആദ്യം ശിവകോലം കളത്തിലെത്തും ശേഷം 101,32,16 പാളകളുടെ ഭൈരവിക്കോലങ്ങൾ കളത്തിൽ തുള്ളിമാറും. കരിമറുതയും, മറനീക്കി അന്തരയക്ഷിയും പിന്നീട് രണ്ട് കാലൻകോലങ്ങൾ വീതം തുള്ളിമാറും. ചെറുകോലങ്ങളായ പക്ഷി,യക്ഷി,മറുത എന്നിവ കളത്തിലെത്തും. മാടൻകോലം തുള്ളിമാറുന്നതോടെ അടവി ദിവസത്തെ കോലംതുള്ളലിന് സമാപനമാകും.രാത്രി 2ന് അടവി ചടങ്ങുകൾ ആരംഭിക്കും.വേലൻപറ കൊട്ടി അടവിവരവ് അറിയിക്കും. ശേഷം കൈസ്ഥാനിയൻ 11നാളികേരം ഉടച്ച് പളളിപ്പാന പൂർത്തികരിക്കും. ക്ഷേത്രമുറ്റത്ത് ഈറനോടെ അണിചേർന്നവർ ശേഖരിച്ച് വച്ചിരുന്ന വൃക്ഷങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തിച്ച് നാട്ടിനിറുത്തി കാനനപ്രതീതി ഉളവാക്കും. തുടർന്ന് വ്രതംനോക്കിയ പടേനി കലാകാരൻമാർ ശരീരത്ത് ചൂരൽചുറ്റി ക്ഷേത്രത്തിന്‌ മൂന്ന് പ്രദക്ഷിണം വച്ച് ദേവിക്ക് നിണമൂട്ട് നടത്തുന്നതോടെ അടവി ചടങ്ങുകൾ സമാപിക്കും.ഇന്നലെ വെൺപാലകരക്കാരുടെ വലിയ ഇടപ്പടേനി നടന്നു. നാളെ വെൺപാല കരക്കാരുടെ അടവി നടക്കും.