അടൂർ : താലൂക്ക് ആശുപത്രിയിലെ മൂന്ന് ആംബുലൻസുകളും പണിമുടക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നിസംഗത തുടരുന്നു. അറ്റകുറ്റപ്പണിക്കായി ഒരു വർഷത്തിലേറെയായി പത്തനംതിട്ടയിലെ ഗവ.അംഗീകൃത വർക്ക്ഷോപ്പിലാണ് ഒരു ആംബുലൻസ്. വർക്ക്ഷോപ്പിൽ നിന്നും ലഭിച്ച ആദ്യത്തെ ബില്ല് അനുസരിച്ച് 85,000 രൂപ പാസാക്കി കൊടുക്കുകയും, ശേഷം 1,32,784 രൂപയുടെ അഡീഷണൽ ബില്ല് ലഭിക്കുകയും ചെയ്തു. ഈ തുക ഇതുവരെ അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണം. രണ്ടാമത്തെ ആംബുലൻസ് അപകടം നടന്നതിനാൽ കോട്ടയത്തെ ഗവ.അംഗീകൃത വർക്ക്ഷോപ്പിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി 3,90,856 രൂപയുടെ ബില്ല് ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസ് ഓഫീസിൽ നിന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ്. ബില്ലിന്റെ അംഗീകാരം കിട്ടുന്ന മുറക്ക് പണി പൂർത്തീയാക്കാൻ കഴിയുമെന്നാണ് അധികൃതരിൽ നിന്നും കിട്ടുന്ന വിവരം. മൂന്നാമത്തെ ആംബുലൻസ് അറ്റകുറ്റപ്പണികൾ ഏകദേശം പൂർത്തിയായി ബീക്കൻ ലൈറ്റ് ഘടിപ്പിക്കുന്നത് മാത്രമായി ബാക്കി കിടക്കുന്നു. കഴിഞ്ഞ ആഴ്ച നായ കടിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരണപ്പെട്ടത് കൃത്യസമയത്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തത് കൊണ്ടാണെന്ന പരാതിയുണ്ട്. ഇതിനെ തുടർന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. ആംബുലൻസുകൾ ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കും എന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയതിനാലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
....................................................
സ്വകാര്യ ആംബുലൻസുകൾക്ക് ലാഭം കൊയ്യാൻ വേണ്ടി സർക്കാർ ആംബുലൻസുകളുടെ അറ്റകുറ്റപ്പണി മനഃപൂർവം വൈകിപ്പിച്ച് അവസരം കൊടുക്കുകയാണ്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും.
പഴകുളം ശിവദാസൻ
(യു.ഡി.എഫ് അടൂർ
നിയോജകമണ്ഡലംകൺവീനർ)
...............................................
ബില്ലുകൾ ഉടൻ തന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പണം അനുവദിക്കുന്ന മുറയ്ക്ക് ആംബുലൻസുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കും.
ഡോ.മണികണ്ഠൻ. ജെ
(സൂപ്രണ്ട്, താലൂക്ക് ആശുപത്രി, അടൂർ)
അടൂർ ജനറൽ ആശുപത്രി