പന്തളം: കുളനട പഞ്ചായത്ത് ഒന്നാം വാർഡിലെ കുപ്പണ്ണൂർ പാടശേഖരങ്ങൾ നികത്താനുള്ള നീക്കം അധികൃതർ തടഞ്ഞു. സ്വകാര്യ വ്യക്തി പാടത്ത് ഇട്ട മണ്ണ് നീക്കം ചെയ്തു. പാടം നികത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ രംഗത്തെത്തിയത്. നെൽവയൽ തണ്ണീർ സംരക്ഷണ നിയമ ലംഘനമാണെന്നും മണ്ണ് മാറ്റി പാടം പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കുളനട വില്ലേജ് ഓഫീസർ നോട്ടീസ് നൽകി. തുടർന്നാണ് മണ്ണ് മാറ്റിയത്. തെങ്ങ് നടുന്നതിനെന്ന വ്യാജേന അവധി ദിവസത്തിന്റെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് പാടത്ത് മുപ്പതിലധികം മൺകൂനകൾ രൂപപ്പെടുത്തിയിരുന്നു. ഭാവിയിൽ ഈ നിലം പൂർണമായി മണ്ണിട്ട് നികത്താനായിരുന്നു നീക്കം. നെൽകൃഷി നല്ല നിലയിൽ ചെയ്യാൻ കഴിയുന്ന പുഞ്ചനിലം നികത്തി കരഭൂമിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശത്തെ കർഷക തൊഴിലാളികളും സി.പി.ഐ കുളനട ലോക്കൽ കമ്മിറ്റിയും പ്രതിഷേധത്തിലായിരുന്നു. . റവന്യൂ, പൊലീസ് അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിരുന്നു.