vote

പത്തനംതിട്ട : സമയപരിധി അവസാനിച്ച ഇന്നലെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചത് 10 പേർ. ഇന്നലെ മാത്രം ഏഴ് സ്ഥാനാർത്ഥികൾ പുതുതായി നാമനിർദേശപത്രിക സമർപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയ്ക്കും ഇടതു സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിനും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമർപ്പിച്ചു. ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാർത്ഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടർ എസ്.പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. അനിൽ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാർത്ഥി എസ് ജയശങ്കർ ഒരു സെറ്റ് പത്രികയും സമർപ്പിച്ചു.

ബി.എസ്.പി സ്ഥാനാർത്ഥി അഡ്വ.ഗീതാകൃഷ്ണൻ, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) സ്ഥാനാർത്ഥി ജോയ് പി.മാത്യു, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥി അഡ്വ. എം.കെ.ഹരികുമാർ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.സി.തോമസും, വി.അനൂപും പത്രിക നൽകി. ജില്ലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികൾക്ക് സ്റ്റീൽ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ കൈപുസ്തകവും കൈമാറി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഈ മാസം എട്ടു വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അതിനുശേഷം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.