1
ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ ശുദ്ധജല വിതരണ പദ്ധതിക്കായി പൊന്നിരിക്കുംപാറയിൽ പണികഴിപ്പിച്ച ജലസംഭരണി.

മല്ലപ്പള്ളി : ആനിക്കാട് - മല്ലപ്പള്ളി - കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള സമഗ്ര ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണം വൈകുന്നു. പ്രവർത്തികൾ തുടങ്ങി എട്ടുവർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പായില്ല. നബാർഡ് ധനസഹായത്തോടെ അനുവദിച്ച 7.98 കോടി രൂപയുടെ ഒന്നാംഘട്ട പ്രവർത്തികൾ 2016 ഫെബ്രുവരി 5ന് അന്നത്തെ ജലസേചന മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്താണ് തുടങ്ങിയത്. ആനിക്കാട് പഞ്ചായത്തിലെ കോഴിമണ്ണിൽ കടവിൽ 9മീറ്റർ വ്യാസമുള്ള കിണറും ഇതിനുമുകളിൽ പമ്പുഹൗസും ഈ പഞ്ചായത്തിലെ തന്നെ പുളിക്കാമലയിൽ 10ലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാവുന്ന ശുദ്ധീകരണശാലയുമാണ് ഒന്നാംഘട്ടത്തിൽ വിഭാവനം ചെയ്തിരുന്നത് . ഇതിന്റെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞ് ജല ശുദ്ധീകരണശാല പരിസരവും മണിമലയാറ്റിലെ പമ്പ് ഹൗസ് പരിസരവും കാട് നിറഞ്ഞിട്ടും പദ്ധതി പൂർത്തീകരണത്തിന് നടപടയായില്ല.രണ്ടാംഘട്ട പ്രവർത്തികൾക്കായി 2017 മാർച്ചിൽ അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ച് പുളിക്കാമല , കാവുങ്കഴമല ,കാട്ടാമല, പാടിമണ്ണിന് സമീപം തൃച്ചേർപ്പുറം,നാരത്താനി, പൊന്നിരിക്കും പാറ, എന്നിവിടങ്ങളിൽ പുതിയ സംഭരണികൾ നിർമ്മിക്കുകയും,പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല , ഹനുമാൻകുന്ന് എന്നിവിടങ്ങളിൽ നിലവിലുള്ളവ നവീകരിക്കുകയും ചെയ്തിരുന്നു.

വകുപ്പുകൾക്കിടയിൽ തർക്കം

പുളിക്കാ മലയിലെ ശുദ്ധീകരണശാലയിൽ ജലം എത്തിക്കുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. വിവിധ സ്ഥലങ്ങളിൽ സംഭരണികളിലേക്ക് ജലം എത്തിക്കുന്നതിനുള്ള പൈപ്പുകളുടെ പ്രവർത്തികളും ഇതിനിടയിൽ പൂർത്തിയാക്കിയിരുന്നു. ശുദ്ധീകരണശാലയിൽ വൈദ്യുതി എത്തിക്കുന്നതിനായി വൈദ്യുതി ലൈനുകളുടെ പ്രവർത്തികൾ പൂർത്തിയായെങ്കിലും ട്രാൻഫോർമർ സ്ഥാപിക്കുന്നതിലെ വകുപ്പുകൾക്കിടയിലെ തർക്കമാണ് പദ്ധതിക്ക് തടസമായി നിൽക്കുന്നത്.

...................................

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി മാസങ്ങളായി ആനിക്കാട് പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റിയുടെയും, ഇലക്ട്രിസിറ്റിയുടെയും ചീഫ് എൻജിനിയറുമാരുമായി ചർച്ചകൾ നടത്തിയെങ്കിലും പദ്ധതി ഉടൻ നടപ്പിലാകും എന്ന പഴയ പല്ലവി മാത്രമാണ് ഉദ്യോഗസ്ഥതലത്തിൽ നിന്നും ലഭിക്കുന്നത്.

ലിയാക്കത്ത് അലിക്കുഞ്ഞ്

( ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് )​

.....................

8 വർഷത്തെ കാത്തിരിപ്പ്,

ഒന്നാംഘട്ടത്തിൽ, 7.98 കോടിയുടെ പ്രവൃത്തികൾ

രണ്ടാംഘട്ടത്തിൽ 24 കോടി