പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 2199-ാംനമ്പർ കിഴക്കുപുറം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്റെ 10-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും. രാവിലെ 6ന് ഗുരുപുഷ്പാഞ്ജലി, ഗണപതിഹോമം, മഹാശാന്തി ഹവനം , ഭഗവതിസേവ, കലശപൂജ, കലശാഭിഷേകം. ഉച്ചയ്ക്ക് 12ന് മഹാഗുരുപൂജ. 1ന് അമൃതഭോജനം. പുതുതായി നിർമ്മിച്ച പന്തലും പ്രതിഷ്ഠാ വാർഷിക സമ്മേളനവും വൈകിട്ട് 3.30ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.വി സോമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ അവാർഡ് വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് അനുഗ്രഹ പ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സജിനാഥ്, പി.കെ പ്രസന്നകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തും. ജനറൽ കൺവീനർ പി.കെ ത്യാഗരാജൻ സ്വാഗതവും ശാഖാ സെക്രട്ടറി ഗീതാമോഹൻ നന്ദിയും പറയും.

പ്രതിഷ്ഠാ വാർഷിക ദിനത്തിന്റെ ഒന്നാം ദിനമായ ഇന്നലെ രാവിലെ ശാഖാ സെക്രട്ടറി പി.വി സോമൻ പതാക ഉയർത്തി. തുടർന്ന് പ്രഭാഷണവും മഹാഗുരുപൂജയും അന്നദാനവും നടന്നു. വർക്കല ശിവഗിരിമഠം ട്രഷറർ ശാരദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജയും ശ്രീനാരായണ തീർത്ഥസ്വാമിയുടെ നേതൃത്വത്തിൽ പ്രാസാദ ശുദ്ധിക്രികളും നടന്നു.