പത്തനംതിട്ട: മന്ത്രിമാരുടെ പൊലിമയിലാണ് മാവേലിക്കര നിയോജകമണ്ഡലം. കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാൽ, പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാർ, ചെങ്ങന്നൂരിൽ സജി ചെറിയാൻ. മാവേലിക്കരയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്തെയും ജനപ്രതിനിധികൾ മന്ത്രിമാർ. ഇതിനൊപ്പം കൃഷി മന്ത്രി പി. പ്രസാദും മണ്ഡലത്തിലെ വോട്ടറാണ്. അങ്ങനെ ആകെ മൊത്തം നാല് മന്ത്രിമാരാണ് ഇടത് പ്രചരണത്തിന് മണ്ഡലത്തിൽ തലങ്ങും വിലങ്ങും ഓടുന്നത്. തെന്മല മുതൽ കുട്ടനാടുവരെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയോടു ചേർന്ന് കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നീളംകൂടിയ മണ്ഡലമാണ് മാവേലിക്കര. മലയോരവും സമതല പ്രദേശവും പാടശേഖരങ്ങളുമെല്ലാം ഉൾപ്പെടുന്ന മണ്ഡലം കേരളത്തിന്റെ പരിശ്ചേദമാണ്. മന്ത്രി പി.പ്രസാദിന്റെ അഡീഷണഷൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എ അരുൺകുമാറാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി. ഇതുകൊണ്ടുതന്നെ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലകൾക്കിടയിലും മാവേലിക്കരയിലും പി.പ്രസാദ് സജീവമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനും തിരഞ്ഞെടുപ്പ് ചുമതലകൾക്കും ചുക്കാൻ പിടിക്കുന്നത് മന്ത്രിമാരാണ്. കേരളത്തിൽ ഏറ്റവും അധികം മന്ത്രിമാരുള്ള ലോക്‌സഭ മണ്ഡലവും മാവേലിക്കരയാണ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ, വാഹന പ്രചാരണം, ബൂത്ത് തല സമ്പർക്കം, ഗൃഹസമ്പർക്കം, പൗരപ്രമുഖരെ കാണൽ തുടങ്ങി എല്ലാ പരിപാടികൾക്കും മന്ത്രിമാർ മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞാണ് മന്ത്രിമാരുടെ പ്രചാരണം. ലോക്‌സഭ മണ്ഡലത്തിലെ ഏഴിടത്തും എൽ.ഡി.എഫ് എം.എൽ.എമാരാണെങ്കിലും കാലങ്ങളായി കൊടിക്കുന്നിൽ സുരേഷാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഇക്കുറി മന്ത്രിമാരുടെ പൊലിമയിൽ മണ്ഡലത്തെ ഇടത്തേക്ക് മാറ്റാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ സംസ്ഥാന സർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെയും ഭരണപരാജയം ചൂട്ടികാട്ടി മണ്ഡലം ഇക്കുറിയും പിടിക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണപരാജയവുമാണ് എൻ.ഡി.എ പ്രചാരണ ആയുധമാക്കുന്നത്. ബി.ഡി.ജെ.എസിലെ ബൈജു കലാശാലയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.