prem
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നു.

പത്തനംതിട്ട : ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ തിരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ വിതരണം ചെയ്തുതുടങ്ങി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകൾ കൈമാറിയത്. ഇ.വി.എം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളുമാണുള്ളത്.

കുറ്റപ്പുഴ മാർത്തോമ റെസിഡൻഷ്യൽ സ്‌കൂൾ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ (ആറന്മുള), എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂർ ബി എഡ് സെന്റർ (അടൂർ) എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങൾ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണകേന്ദ്രങ്ങൾ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ പ്രവർത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയമാണ്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), വിവിപാറ്റ് എന്നിവ വഹിച്ച വാഹനങ്ങൾ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ കളക്ടറേറ്റിൽ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകൾ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് കൈമാറിയത്.