lehari

പത്തനംതിട്ട : തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ഊർജിതമാക്കി. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിർമാണം, കള്ളിൽ മായം ചേർക്കൽ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിച്ചിരുന്നു. വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാൻ വാഹന പരിശോധനയും കർശനമാക്കി. പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങൾ, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങൾ, ടാങ്കർ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികൾ കേന്ദ്രീകരിച്ചും പരിശോധന ഊർജിതമാണ്.

ജില്ലയിൽ മാർച്ച് 16 മുതൽ ആരംഭിച്ച പരിശോധനയിൽ നടത്തിയ റെയ്ഡുകളിൽ 92 അബ്കാരി കേസുകളും 25 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു.
സ്‌പെഷ്യൽ ഡ്രൈവിൽ 264.035 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 42 ലിറ്റർ ചാരായം, 21.6 ലിറ്റർ അരിഷ്ടം, 1626 ലിറ്റർ വാഷ്,1.313 കിലോ കഞ്ചാവ്, 2.180 കിലോ പുകയില ഉത്പന്നങ്ങൾ, ഒരു വാഹനം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തിൽ 32,200 രൂപ ഈടാക്കി.
അബ്കാരി കേസുകളിൽ 80 പ്രതികളെയും എൻ.ഡി.പി.എസ് കേസുകളിൽ 25 പ്രതികളെയും അറസ്റ്റ് ചെയ്തു. 1215 വാഹനങ്ങൾ പരിശോധിച്ചു.


എക്‌സൈസ് കൺട്രോൾ റൂം

സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡിവിഷൻ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നു. കൺട്രോൾ റൂം ഫോൺ: 0468 2222873.

എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക്തല എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേകളിൽ 24 മണിക്കൂർ പട്രോളിംഗ് ടീം എന്നിവ പ്രവർത്തിക്കുന്നു.

വി.എ.സലീം,

ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ.