ചെങ്ങന്നൂർ: ആക്രി ശേഖരണത്തിന്റെ മറവിൽ ഉപേക്ഷിക്കപ്പെട്ട വീട്ടുപകരണങ്ങളും വാഹനങ്ങളും മറ്റ് സാധന സാമഗ്രികളും മോഷ്ടിക്കുന്ന സംഘം ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും വിലസുന്നു. ഉപേക്ഷിക്കപ്പെട്ടവ ആയതിനാൽ ആരും പരാതി നൽകാനും തയാറാകുന്നില്ല. പുലിയൂർ, ആല, ചെറിയനാട് ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ സ്ത്രീകൾ മോഷണശ്രമം നടത്തിയത്. നാട്ടുകാർ കയ്യോടെ പിടികൂടിയതിനാൽ സാധനങ്ങൾ തിരികെ നൽകുകയായിരുന്നു. ആളൊഴിഞ്ഞ വീടിന്റെ പുറത്ത് വിറകുപുരയിലും മറ്റും വച്ചിരിക്കുന്ന പഴയ അലൂമിനിയം പാത്രങ്ങൾ, ബക്കറ്റുകൾ എന്നിവയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അതേസമയം ഇവർ വീടുകളിൽ നിന്നും ന്യായമായ വിലയ്ക്ക് ആക്രി സാധനങ്ങൾ ശേഖരിക്കുന്നുമുണ്ട്. സംഘത്തിൽ കൂടുതലും യുവതികളാണുള്ളത്. സമീപ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങൾ നടന്നതായി റപ്പോർട്ടുകളുണ്ട്. ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട ഇരുചക്രവാഹനങ്ങൾ ഏറെ നാൾ നിരീക്ഷിച്ച ശേഷം പൊലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് പുലർച്ചയോടെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയാണ് ഇവരുടെ രീതി. പ്രധാന ആക്രിക്കടയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ലോഡ് എടുക്കാൻ ലോറി വരുന്ന ദിവസമാണ് ഇവർ ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ കടത്തിക്കൊണ്ടുപോകുന്നത്. പിന്നീട് വിലപിടിപ്പുള്ള മോഷണമുതലുകൾ ആക്രിവണ്ടികളിൽ അതിവേഗം തമിഴ് നാട്ടിലേക്ക് കയറ്റി അയക്കുന്നതായാണ് അറിയാൻ കഴിയുന്നത്. ആക്രി കൊണ്ടുപോകുന്ന വാഹനം ആയതിനാൽ പൊലീസ് കാര്യമായി പരശോധനയും നടത്താറില്ല.

........................................................................

സ്ഥിരമായി ഇവിടങ്ങളിൽവന്ന് പണം നൽകി ആക്രി സാധനങ്ങൾ എടുക്കുന്നവരാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്നും സാധനങ്ങൾ കടത്താനായി ശ്രമിച്ചത്. തക്കസമയത്ത് കണ്ടതുകൊണ്ട് സാധനങ്ങൾ തിരിച്ചു കിട്ടി. ഇവിടങ്ങളിൽ സ്ഥിരമായി ഇവർ വരുന്നതിനാലും സാധനം തിരിച്ചുകിട്ടിയതിനാലും മറ്റു നടപടികളിലേക്ക് പോയില്ല.

രാധാകൃഷ്ണൻ

(സമീപവാസി)