അടൂർ : ആനന്ദപ്പള്ളിയിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കർഷകനായ വി.എസ് ദാനിയേലിന്റെ മുപ്പതോളം കോഴികളെ നായകൾ കടിച്ച് കൊന്നു. 600രൂപ കോഴിക്ക് വിലവച്ച് 18,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകൻ പന്തളം തെക്കേക്കര പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ വീട്ടിൽ വളർത്തിയിരുന്ന താറാവുകളും, ആടുകളും നായകളുടെ അക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. പുത്തൻ പുരയിൽ മനു ജോർജ് എന്ന കർഷന്റെ പത്തിലധികം തറാവുകളെ നായ്കൾ കടിച്ചു കൊന്നു. ആടിനെ നഷ്ടപ്പെട്ട കർഷകരും നാട്ടിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പലതവണ പരാതി നൽകിയിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
നായ്കളുടെ ശല്യം അനുദിനം വർദ്ധിക്കുന്ന മേഖലയിൽ ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുകയും, നഷ്ടം വന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി പൊതുജനങ്ങളെ കൂട്ടി മുന്നോട്ട് വരുമെന്ന് ആനന്ദപ്പള്ളി കർഷക സമിതി അറിയിച്ചു.