
പത്തനംതിട്ട: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയ ക്യാമ്പുകൾക്കൊപ്പം തിരഞ്ഞെടുപ്പ് ജോലിയുടെ പരിശീലനവും തുടങ്ങിയത് അദ്ധ്യാപകരെ വലയ്ക്കുന്നു. പരിശീലനത്തിനു പോകുന്ന അദ്ധ്യാപകരും, മൂല്യനിർണയ ക്യാമ്പുകളിലെത്തി പേപ്പറുകൾ പരിശോധിക്കണമെന്ന് നിർദേശം വന്നിരുന്നു. ജോലിഭാരം ഇരട്ടിച്ചെങ്കിലും പ്രതിഫലത്തിലെ കുറവ് അദ്ധ്യാപകരെ അസ്വസ്ഥരാക്കുന്നുണ്ട്. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് കഴിഞ്ഞവർഷത്തെ മൂല്യനിർണയത്തിന്റെ വേതനം ലഭിച്ചിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം എടുത്തു കളഞ്ഞതോടെ അവധിക്കാല ജോലിക്ക് എത്തുന്നവർക്ക് ഡി.എ മാത്രമാണ് ലഭിക്കുന്നത്.
ഹയർ സെക്കൻഡറിക്ക് നാല് ക്യാമ്പുകൾ
ഹയർ സെക്കൻഡറിക്ക് ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം. അടൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവയാണിത്. ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്. ഹയർ സെക്കൻഡറിയിൽ ഒരാൾ 30 പേപ്പറുകളാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്.
എസ്.എസ്.എൽ.സിക്ക് അഞ്ച് ക്യാമ്പുകൾ
എസ്.എസ്.എസ്.എൽ.സിക്ക് മൂല്യനിർണയ ക്യാമ്പുകൾ ജില്ലയിൽ അഞ്ചെണ്ണമാണ്. തിരുവല്ല ഡി.ബി.എച്ച്.എസ്.എസ് (ഹിന്ദി, സോഷ്യൽ സയൻസ്), ഇരവിപേരൂർ സെന്റ് ജോൺസ് (ഫിസിക്‌സ്, മലയാളം ഒന്ന്), കോഴഞ്ചേരി ഗവൺമെന്റ് എച്ച്.എസ്.എസ് (ഇംഗ്ലീഷ്, ബയോളജി), മല്ലപ്പള്ളി സി.എം.എസ് (കെമിസ്ട്രി, ഫിസിക്‌സ്), റാന്നി എം.എസ്.എച്ച്.എസ്.എസ് (മലയാളം രണ്ട്, ഗണിതശാസ്ത്രം).