
പത്തനംതിട്ട : തിരഞ്ഞെടുപ്പ് രംഗം മുറുകിയതോടെ ബി.ജെ.പി പ്രപാരണ രംഗത്ത് കൂടുതൽ ശക്തമാകുന്നു. മണ്ഡലപര്യടനത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ആളുകളിലേക്കും എത്താനുള്ള പരിശ്രമമാണ് സ്ഥാനാർത്ഥി നടത്തുന്നത്. ഇന്നലെ തിരുവല്ലയിലെ അഖിലഭാരത ഭാഗവത സത്രം വേദിയിൽ അനിൽ ആന്റണി സന്ദർശനം നടത്തി. സത്രവേദിയിൽ പ്രാർത്ഥന നടത്തിയശേഷം അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. രാമൻചിറ ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരി സന്ദർശിച്ച അനിൽ ആന്റണി വൈദികരായ ഫാ.പോൾസൺ മാത്യു, ഫാ.ജോയ്‌സ് ജോൺ എന്നിവരുമായി ചർച്ച നടത്തി. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഡോക്ടർമാരെയും ജീവനക്കാരേയും രോഗികളുടെ കൂട്ടിരിപ്പുകാരോടും വോട്ടുതേടി. ബി.ജെ.പി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര പഞ്ചായത്തിൽ പാർട്ടി പ്രവർത്തകരോടൊപ്പം പതാക ഉയർത്തി. കോന്നി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.