മെഴുവേലി : അറുപതടി നീളത്തിലും 12അടി വീതിയിലും വാട്ടർ മെട്രോ ചിത്രം വരച്ച് അതിൽ ചുവരെഴുതി എൽ.ഡി.എഫ് പ്രചാരണ തന്ത്രം. കാരിത്തോട്ട, എസ്.എൻ. വിദ്യാപീഠത്തിന് എതിർവശമുള്ള മതിലിലാണ് ചിത്രംവരയ്ക്കൽ നടക്കുന്നത്. മിമിക്രി ആർട്ടിസ്റ്റ് അനിൽ ഇലവുംതിട്ടയുടെ നേതൃത്വത്തിൽ നാല് ആർട്ടിസ്റ്റുകൾ നാലു ദിവസമായി പണിപ്പെട്ടാണ് വരയുടെ അവസാന മിനുക്ക് പണിയിൽ എത്തി നിൽക്കുന്നത്. രാജൂസ് കുളനട, കുമ്പഴ സ്വദേശിയായ സ്മൃതി ബിജു, അർജുൻ എന്നീ ആർട്ടിസ്റ്റുകളാണ് അനിലിന് ഒപ്പം വരയിൽ പങ്കാളികളായിട്ടുള്ളത്.കൊച്ചി വാട്ടർ മെട്രോയെന്ന സർക്കാർ നേട്ടം ഗ്രാമീണ തലങ്ങളിൽ എത്തിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. വാട്ടർ മെട്രോയുടെ ചിത്രത്തിന്റെ ഡോ.തോമസ് ഐസക്കിന്റെ ചിഹ്നവും പേരും രേഖപ്പെടുത്തിയാണ് വോട്ട് അഭ്യർത്ഥന നടത്തിയിട്ടുള്ളത്. സി.പി.എം മെഴുവേലി ലോക്കൽ സെക്രട്ടറി വിശ്വംഭരനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.