കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡ് ആവണിപ്പാറ ആദിവാസി കോളനി എല്ലാ തിരഞ്ഞെടുപ്പുകളിലും വാർത്തകളിൽ ഇടംതേടാറുണ്ട്. ജില്ലയിൽ ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഇവിടേക്കാണ് എത്തുന്നത്.
29 നമ്പർ അങ്കണവാടി ഇത്തവണ പോളിംഗ് സ്റ്റേഷനാകും.
അച്ചൻകോവിൽ - കോന്നി കാനനപാതയിലൂടെ വേണം ആവണിപ്പാറയിലെത്താൻ. ഇവിടെ ബസ് സർവീസ് ഇല്ല. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ആവണിപ്പാറയിൽ പോളിംഗ് സ്റ്റേഷനുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി തോട്ടത്തിലെ റിക്രിയേഷൻ ക്ലബ്ബാണ് പോളിംഗ് സ്റ്റേഷൻ. ആറിനക്കരെയുള്ള കോളനിയിൽ എത്താൻ വള്ളമാണ് ആശ്രയം.
കോളനിയിലേക്ക് നടപ്പാലം വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. വന അവകാശ നിയമപ്രകാരം 25 ലക്ഷം രൂപയാണ് പാലം നിർമ്മിക്കാൻ വനംവകുപ്പ് അനുവദിച്ചത്. തൂക്കുപാലത്തിന്റെ മാതൃകയിലുള്ള നടപ്പാലത്തിന് നിർമ്മാണ അനുമതിയും വനംവകുപ്പ് നൽകിയിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപാണ് കോളനിയിൽ വൈദ്യുതി എത്തുന്നത്. 1.60 കോടി രൂപ ഇതിനായി ചെലവിട്ടിരുന്നു.
ആവണിപ്പാറ പോളിംഗ് സ്റ്റേഷൻ
ആകെ വോട്ടർമാർ : 70
സ്ത്രീകൾ : 39,
പുരുഷൻമാർ : 31
എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ആദ്യം പുറപ്പെടുന്നത് ആവണിപ്പാറയിലെ പോളിംഗ് സ്റ്റേഷനിലേക്കാണ്.
പി.സിന്ധു, (ഗ്രാമപഞ്ചായത്ത് അംഗം)