ഇലവുംതിട്ട : മലനടയിൽ കരകളൊരുങ്ങി. കെട്ടുകാഴ്ച്ച നാളെ. കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളും പ്രദർശന സജ്ജമായി. കൈയ്യംതടം, മേലുത്തെമുക്ക്, ആണർകോട്, വാത്തിപ്പറമ്പിൽ, കൊട്ടാരം, സരിക നഗർ, വെള്ളിലഞ്ഞി, ഞാറന്മല, താഴത്തേൽ, മഞ്ഞിപ്പുഴ, പറമണംപടി, തുണിയോട്, നെടിയകാല, ചന്ദനക്കുന്ന്, മഞ്ഞത്തറ, മുക്കട, അയത്തിൽ, മൂലൂർ, നല്ലാനിക്കുന്ന് എന്നീ കരകളുടെ പരിസരങ്ങളിൽ നിന്ന് നിരവധി കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളുമാണ് ഇക്കുറി കാഴ്ച്ച വിരുന്നൊരുക്കുന്നത്. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന ആലിന് വലംവച്ചുള്ള പ്രദർശനം രാവേറെ നീണ്ടുനിൽക്കും. രാവിലെ മലനടയിൽ പറയിടീൽ കഴിഞ്ഞു. ഏഴിന് ചെണ്ടമേളം തുടങ്ങും. ഇതോടെ കരകളിൽ ആവേശം പാരമ്യത്തിലെത്തും. ഉച്ചയ്ക്ക് മൂന്നിന് ജീവിത എഴുന്നള്ളത്തും മലനടയിൽ സ്വീകരണവും ഒപ്പം 3.15 മുതൽ ഓട്ടൻ തുള്ളലും ശീതങ്കൻ തുള്ളലും, പായസ സദ്യയും നാലോടെ കെട്ടുകാഴ്ച്ചയും ആരംഭിക്കും.രാത്രി 7ന് ജീവിത തിരിച്ചെഴുന്നള്ളത്തും. തുടർന്ന് ആകാശ ദീപക്കാഴ്ച്ച. 8.30ന് വയലിൻ ഫ്യൂഷൻ, സമ്മാനദാനം, 9.45ന് ഗാനമേള. ഇന്ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് ശീതങ്കൻ തുള്ളൽ, സമൂഹസദ്യ, രാത്രി 7ന് വനിതാ ചിന്തുപാട്ട്, തിരുവാതിര, 9.15ന് ചികിത്സാ സഹായ വിതരണവും കിറ്റ് നൽകലും, ഗാനമേള, എന്നിവ നടക്കും.