house-
തോപ്പിൽ ഭാസി ഒളിവിൽ കഴിഞ്ഞ ഇലഞ്ഞിക്കൽ തറവാട്

കോന്നി : അരങ്ങിന് വിപ്ളവഭാഷ്യം പകർന്ന തോപ്പിൽ ഭാസിയുടെ സ്മരണയിൽ ഒരുകാലത്തിന്റെ കഥ പറയുകയാണ് അദ്ദേഹത്തിന് ഒളിവിടം ഒരുക്കിയ കോന്നി ഇലഞ്ഞിക്കൽ തറവാട്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി ചൈന ജംഗ്ഷന് സമീപമുള്ള തറവാട്ടിൽ സോമൻ എന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ഭാസിയുടെ നിശ്വാസം ഇപ്പോഴുമുള്ളതായി തോന്നും. 1949 ഡിസംബർ 31ന് പൊലീസുകാർ ഉൾപ്പെടെ കൊല്ലപ്പെട്ട ശൂരനാട് സംഭവത്തിന് ശേഷമാണ് തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ പോയത്. തോപ്പിൽ ഭാസിയെ അന്വേഷിച്ചു അന്ന് പൊലീസ് കോന്നിയിലെ ഇലഞ്ഞിക്കൽ തറവാട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ കോന്നി ചൈനമുക്കിനെയും ഇലഞ്ഞിക്കൽ തറവാടിനെയും കുറിച്ച് തോപ്പിൽ ഭാസി പറയുന്നുണ്ട്. തറവാട്ടിലെ സഹോദരന്മാരയ കെ.നാരായണപ്പണിക്കരും കെ.കേശവപ്പണിക്കരുമാണ് അഭയം നൽകിയത്. പൊലീസുകാർ തറവാട്ടിൽ എത്തി അന്വേഷിക്കുമ്പോൾ ഭാസി മച്ചിന്റെ മുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

ജന്മിത്വത്തിനെതിരെ നടന്ന ശൂരനാട് കലാപത്തിൽ പുതുപ്പളി രാഘവൻ, ശങ്കരനാരായണൻ തമ്പി തുടങ്ങിയ 26 കമ്മ്യൂണിസ്റ്റ് പ്രവർത്തകർ കൂട്ടുപ്രതികൾ ആയിരുന്നു. സോമൻ എന്ന പേരിൽ ആയിരുന്നു തോപ്പിൽ ഭാസി കോന്നിയിൽ ഒളിവിൽ കഴിഞ്ഞത്. ശൂരനാട് കലാപത്തിലെ പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

ഒളിച്ചുകഴിഞ്ഞ നാട്ടിൽ എം.എൽ.എയുമായി

1959ൽ കോന്നി ഉൾപ്പെടുന്ന പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ തോപ്പിൽ ഭാസി മത്സരിച്ചു എം.എൽ.എയായത് ചരിത്രത്തിന്റെ മറ്റൊരു നിയോഗമായിരുന്നു. കോൺഗ്രസിലെ എൻ.ജി.ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. തോപ്പിൽ ഭാസി ഒളിവിൽ താമസിച്ച ഇലഞ്ഞിക്കൽ തറവാട്ടിൽ കെ.കേശവപ്പണിക്കരുടെ കാലശേഷം മകൻ ഇ.എൻ.തുളസീദാസും അദ്ദേഹത്തിന്റെ കാലശേഷം ചെറുമകൻ മുകേഷ് ദാസുമാണ് താമസിക്കുന്നത്.

തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിൽ അദ്ദേഹം കോന്നിയിൽ എത്തിയതായും ഇലഞ്ഞിക്കൽ വീട്ടിൽ ഒളിവിൽ കഴിഞ്ഞതായും ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ പറയുന്നുണ്ട്.

പി.സി.മാത്യു (സി.പി.ഐ.നേതാവ് )