അടൂർ : കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കാൽ വഴുതി വീണതിനെ തുടർന്ന് രക്ഷപെടുത്തി. മാരൂർ തുളസിവിലാസത്തിൽ ഉണ്ണികൃഷ്ണൻ (40) ആണ് അൻപത് അടി താഴ്ചയുള്ള കിണറിനുള്ളിലേക്ക് വീണത്.

അടൂരിൽ നിന്നും അഗ്‌നി ശമന സേന സ്ഥലത്തെത്തി കയർ, വല എന്നിവയുടെ സഹായത്തോടെ ആളെ പുറത്തെടുത്ത് സേനയുടെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപ്പെട്ട ആൾക്ക് കാലിനും തലയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. കുറുമ്പകര കാലായിൽ വീട്ടിൽ സുമംഗലയുടെ വീട്ടിലെ കിണറ്റിൽ ഇറങ്ങുമ്പോഴായിരുന്നു അപകടം. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സൂരജ് എസിന്റെ നേതൃത്വത്തിൽ മഹേഷ് ഇ, അരുൺജിത്ത് എസ്. വി., ദിനൂപ് എസ്., ആർ. രവി, സുരേഷ് കുമാർ, സന്തോഷ് ജോർജ് , ദീപേഷ്, അജയകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.