bus
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡ് യാർഡ് നിർമ്മാണം പുരോഗമിക്കുന്നു

പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡ് യാർഡ് നിർമ്മാണം ആദ്യം ഘട്ടം ഒന്നരമാസത്തിനുള്ളിൽ പൂർത്തിയാകും. നിലവിൽ ഇന്റർലോക്ക് പാകുന്ന ജോലികളാണ് നടക്കുന്നത്. യാർഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന നിലയിലുള്ള ഓടയാണ് നിർമ്മിക്കുന്നത്. യാർഡിൽ നിന്ന് 45 ഡിഗ്രി ചരിവിലാണ് ഓടയുടെ നിർമ്മാണം. ഓരോ മുപ്പത് മീറ്റർ ഇടവിട്ടും വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാകും. ഇതോടെ വെള്ളം പൂർണ്ണമായും ഒഴുകി പോകും. കരാർ കാലാവധി ആറുമാസമാണെങ്കിലും അതിന് മുമ്പേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു. ബസ്റ്റാൻഡ് നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ചതിനാൽ തുടർച്ചയായി ഭൂമി താഴുന്ന സാഹചര്യമാണുണ്ടായിരുന്നത്. അവിടെ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നിരുന്നത്. യാർഡിന്റെ 70 ശതമാനം നിർമ്മാണവും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കും. ഒന്നാം ഘട്ടം നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം രണ്ടാം ഘട്ട പ്രവർത്തനങ്ങൾ തുടങ്ങും.

ആദ്യ ഘട്ടം 3.72 കോടി

ആദ്യ ഘട്ടത്തിൽ 3.72കോടി രൂപയാണ് എസ്റ്റിമേറ്റ്. ആകെ 4.25 കോടി രൂപയാണ് നിർമ്മാണത്തിന് മുഴുവനായുള്ള എസ്റ്റിമേറ്റ്. 25 സെന്റി മീറ്റർ ഉയരത്തിൽ വിവിധ പാളികളായി ജി.എസ്.പി, വെറ്റ് മിക്‌സ് എന്നിവ കോംപാക്ട് ചെയ്ത് നിറയ്ക്കും. അതിനു മുകളിൽ 100 എം.എം ഇന്റർലോക്ക് പാകി ബസ് സ്റ്റാൻഡ് യാർഡ് നവീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

കെട്ടിടവും നവീകരിക്കും

നഗരസഭ ബസ് സ്റ്റാൻഡ് നവീകരിക്കാനും പദ്ധതിയുണ്ട്. ഇതിനായി പത്ത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന്റെ ശോചനീയവസ്ഥ കൂടി കണക്കിലെടുത്താണ് നവീകരണം.

ആദ്യ ഘട്ടം ഒന്നരമാസത്തിനുള്ളിൽ പൂർത്തീകരിക്കും. നിലവിൽ ഇന്റർലോക്ക് പാകാനുള്ള ജോലി പുരോഗമിക്കുകയാണ്.

നഗരസഭാ അധികൃതർ