പ്രമാടം : വലഞ്ചുഴി ക്ഷേത്രത്തിൽ ഇന്ന് വലിയ പടയണി അരങ്ങേറും. വൈകിട്ട് 7.15 ന് കോലം എഴുന്നള്ളത്ത് . രാത്രി ഒൻപതിന് കളരിയിൽ വിളക്കുവയ്പ്പിന് ശേഷം തപ്പുകൊട്ട്, താവടി, പുലവൃത്തം, കുമ്മിയടി, കോലംതുള്ളൽ, ശിവകോലം, കുതിരക്കോലം, അരക്കിയക്ഷി, ആന്തര യക്ഷി, മായ യക്ഷി എന്നീ വിശേഷാൽ കോലങ്ങൾ എഴുന്നള്ളി തുള്ളും.

ഇന്നലെ കളരിയിൽ വിളക്കുവച്ച് ദേവിയെ കുടിയിരുത്തിയാണ് പടയണി തുടങ്ങിയത്. ശ്രീകോവിലിൽ നിന്ന് മേൽശാന്തി വിളക്ക് തെളിച്ച് വടക്കേ നട തുറന്ന് കൊടിമരച്ചുവട്ടിൽ എത്തി കളരി ആശാൻമാർക്ക് കൈമാറി. തുടർന്ന് മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് വലം വച്ച് കളരിയിൽ എത്തിയാണ് ദേവിയെ കുടിയിരുത്തിയത്. പടേനി ദിവസങ്ങളിൽ മാത്രമാണ് വടക്കേ നട തുറക്കുന്നത്. നാളെയാണ് കരപടയണി.