
അടൂർ/പത്തനംതിട്ട : പൊള്ളുന്ന വെയിലും ഇരച്ചുപെയ്ത മഴയുമൊന്നും ആവേശം കുറച്ചില്ല, മുന്നിൽ നിൽക്കുന്നത് 'ക്യാപ്ടൻ' പിണറായി വിജയനാണ്. വാടുകയോ കുതിർന്നു പോവുകയോ ചെയ്യുന്നതല്ല ക്യാപ്ടന്റെയും അണികളുടെയും പോരാട്ട വീര്യം. അടൂർ കെ.എസ്.ആർ.ടി.സി കോർണറിലായിരുന്നു പിണറായിയുടെ ജില്ലയിലെ ആദ്യ പൊതുസമ്മേളനം. രാവിലെ പത്തരയോടെ വാർത്താസമ്മേളനം അവസാനിച്ച് സമ്മേളന സ്ഥലത്ത് എത്തുമ്പോൾ നിറഞ്ഞസദസ്. പത്തേമുക്കാലോടെ വേദിയിൽ കയറിയ പിണറായി ഒരു മണിക്കൂർ പ്രസംഗിച്ചു. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങളെ വിമർശിച്ചും എൽ.ഡി.എഫ് സർക്കാരിന്റെ ബദൽ നയത്തിന്റെ വിജയം ഉദാഹരണങ്ങളോടെ വിശദീകരിച്ചും നീണ്ട പ്രസംഗത്തിന്റെ അവസാനം വരെയും പ്രവർത്തകർ കേട്ടിരുന്നു.
വേദിക്കരികെ റോഡിൽ വിനോദയാത്രാ സംഘത്തിന്റെ ബസിൽ നിന്ന് കുട്ടികൾ മുഖ്യമന്ത്രിയെ കണ്ട് ആവേശത്തോടെ കൈകൾ വീശി. അവരോട് ചിരിച്ചുകൊണ്ട് കൈവീശി അഭിവാദ്യം ചെയ്ത് പ്രസംഗം തുടർന്നു.
കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾ കൂടുതൽ തീവ്രതയോടെ നടപ്പാക്കുന്നവരാണ് ബി.ജെ.പിയെന്ന് പിണറായി പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരുമാക്കുന്നതാണ് അവരുടെ നയങ്ങൾ. രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. അറുപത്തേഴായിരം കുടുംബങ്ങൾ മാത്രമാണ് സംസ്ഥാനത്ത് പരമദരിദ്രരായിട്ടുളളത്. അവരെക്കൂടി സഹായിക്കുന്ന നയമാണ് എൽ.ഡി.എഫ് സർക്കാരിന്റേത്. നവംബർ ഒന്ന് ആകുമ്പോൾ ഇൗ കുടുംബങ്ങളും ദരിദ്രാവസ്ഥയിൽ നിന്ന് മോചിതരാകും. ആർ.എസ്.എസും സംഘപരിവാറും നടപ്പാക്കാൻ പാേകുന്ന അജണ്ട മതനിരപേക്ഷത തകർക്കുകയെന്നതാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി സംഘപരിവാർ കണ്ടിട്ടുള്ളത് ന്യൂനപക്ഷങ്ങളെയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
പത്തനംതിട്ട ചരിത്രം തിരുത്തുമെന്ന് ഉറപ്പ്
പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനത്തിൽ പിണറായി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ കനത്ത മഴ. ശുഭാരംഭത്തിന്റെ ലക്ഷണമാണ് മഴ എന്നു പറയാറുള്ളത് ഒാർമ്മിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പത്തനംതിട്ട ഇക്കുറി ചരിത്രം തിരുത്തുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിബദ്ധത, അർപ്പണബോധം കാര്യനിർവഹണ ശേഷി തുടങ്ങിയവ സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പ്രത്യേകതയാണ്. 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. കിഫ്ബിയിലൂടെ 80000 കോടിയുടെ വികസനം നടപ്പാക്കി. കേരളത്തെ വലിയ തോതിൽ മുന്നോട്ടു കൊണ്ടുപോയ സ്ഥാപനത്തിന്റെ മേലാണ് കേന്ദ്ര ഏജൻസികൾ കുതിരകയറുന്നത്. മസാല ബോണ്ട് റിസർവ് ബാങ്കിന്റെ എല്ലാ കടമ്പകളും കടന്നാണ് വാങ്ങിയത്. പ്രതിപക്ഷനേതാവ് ഹീനമായ ഭാഷയിൽ തോമസ് ഐസക്കിനെ അധിക്ഷേപിച്ചു. നാടിന്റെ ദുർഗതിക്ക് കാരണക്കാരൻ ഐസക്കാണെന്ന് പറഞ്ഞു. മഹാമാരിയിൽ തകർന്ന നാടിനെ മുന്നോട്ടു നയിച്ചത് ഐസക്കിന്റെ നടപടികളാണ്. നാടിന്റെ അതിജീവനം ലോകം അത്ഭുതാദരങ്ങളോടെയാണ് കണ്ടത്. അതിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.
അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പത്തനംതിട്ടയിൽ എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ.ശരത്ചന്ദ്രകുമാറും അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എൻ.വാസവൻ, വീണാജോർജ്, സ്ഥാനാർത്ഥി തോമസ് ഐസക്, മുൻ എം.എൽ.എ രാജു എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ബി.ഹർഷകുമാർ, ടി.ഡി. ബൈജു, എ.പത്മകുമാർ, ആർ.സനൽകുമാർ, ഏരിയ സെക്രട്ടറിമാരായ എം.മനോജ്, എം.വി.സഞ്ജു, സി.പി.എെ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, ഡി.സജി, മുണ്ടപ്പള്ളി തോമസ്, രാജൻ സുലൈമാൻ, ആർ.ഉണ്ണികൃഷ്ണപിള്ള, വർഗ്ഗീസ് പേരയിൽ, അലാവുദ്ദീൻ, പ്രൊഫ.ടി.കെ.ജി നായർ, ബാബു ജോർജ്, എം.എൽ.എമാരായ അഡ്വ. കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, മാത്യു ടി തോമസ്, കെ.അനന്തഗോപൻ, ഓമല്ലൂർ ശങ്കരൻ, സീതത്തോട് മോഹൻ, ഫിലിപ്പോസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.