 
മല്ലപ്പള്ളി :തടികയറ്റിയെത്തുന്ന ലോറികൾ വൈദ്യുതി ലെൻ അടക്കമുള്ള സർവീസ് കേബിളുകൾക്ക് വിനയായി. അമിത ലോഡുമായെത്തുന്ന ലോറികൾ ലൈനിൽ തട്ടി വൈദ്യുതി മുടക്കവും കേബിൾ തകരാറും പതിവാണ്.
ചുങ്കപ്പാറ മാരങ്കുളം - നിർമ്മല പുരം റോഡിൽ തടികൾ മുറിച്ച് അമിത ലോഡുമായാണ് ലോറികൾ പോകുന്നത്. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമ്മലപുരത്തു നിന്ന് അമിത ലോഡ് കയറ്റിവന്ന ലോറിയിൽ കേബിളുകൾ കുരുങ്ങി നാല് കിലോമീറ്റർ ദൂരം റോഡിൽ കൂടി വലിച്ചുകൊണ്ടുപോയി. മാരങ്കുളം, ചുങ്കപ്പാറ ജംഗ്ഷനിൽ കൂടി ഇങ്ങനെ പോയ ലോറി ചുങ്കപ്പാറ എസ്.എൻ.ഡി.പി യ്ക്ക് സമീപം നാട്ടുകാർ തടഞ്ഞ് പൊലീസിൽ അറിയിച്ചു. പക്ഷേ പൊലീസ് സ്ഥലത്തെത്തിയില്ല. ഇത് സംബന്ധിച്ച്
മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടർ, മനുഷ്യവകാശ കമ്മിഷൻ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചതായി നാട്ടുകാർ പറഞ്ഞു. പരിഹാരം കാണണമെന്ന് പ്രദേശവാസിയായ ജോസ് ഇലഞ്ഞിപ്പുറംആവശ്യപ്പെട്ടു.