കോന്നി: മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായി ഇളകൊള്ളൂർ മഹാദേവർക്ഷേത്രത്തിൽ അതിരാത്രം നടത്തുന്നു. 21 മുതൽ മേയ് 1 വരെയാണ് അതിരാത്രം. ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗങ്ങളിൽ ഒന്നായാണ് അതിരാത്രം പരിഗണിക്കപ്പെടുന്നത്. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയെടുത്ത് 1975ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. പുരാതനവും ദൈർഘ്യമേറിയതുമായ ആനുഷ്ഠാനമാണിത്.
അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷനാണ് അതിരാത്രത്തിന്റെ സംഘാടകർ. വിഷ്ണു മോഹൻ ചെയർമാനായുള്ള ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി കെ.സി പ്രദീപ് കുമാറാണ്. 2015ൽ ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലാണ് സോമയാഗം നടന്നത്.