
കറുകച്ചാൽ : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കറുകച്ചാൽ ബ്ലോക്ക് പര്യടനം പൊന്തൻപുഴ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലിം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 15 വർഷങ്ങളായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നവർ, വാസ്തവം എന്ന് പേരിൽ ആന്റോ ആന്റണി ഇറക്കിയിട്ടുള്ള വികസന ബുക്ക് വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യമാണ് നിലനിൽക്കേണ്ടത് എന്ന് യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. ഏകാധിപത്യത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക്. അതിനെ തടയാൻ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ ഉപയോഗിക്കണം. നാട്ടിൽ ജോലിയില്ലാതെ യുവാക്കൾ അലയുമ്പോൾ 50,000 പേർക്ക് ജോലി തരാമെന്ന് പറഞ്ഞ് തട്ടിപ്പുമായി ചിലർ ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി അസംബ്ലി ചെയർമാൻ സി.വി.തോമസ്‌കുട്ടി, കൺവീനർ ജിജി അഞ്ചാനി, കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, മുസ്ലിം ലീഗ് നേതാവ് അബ്ദുൽ കരീം മുസ്ലിയാർ, ആർ.എസ്.പി നേതാവ് മുണ്ടക്കയം സോമൻ, ഡി.സി.സി സെക്രട്ടറിമാരായ പി.എ.ഷമീർ, പ്രൊഫസർ റോണി കെ.ബേബി, സുഷമ ശിവദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.