10-mavara-padasekharam
വിജയപുരം മാവര പാടശേഖരം

പന്തളം : തുമ്പമൺ പഞ്ചായത്തിലെ വിജയപുരം മാവര പാടശേഖരത്തിലെ കൃഷി കർഷകർ കൈയൊഴിയുകയാണ്. പാടത്തേക്കുള്ള തോടിന്റെ ശോചനീയതയാണ് കൃഷിക്ക് തിരിച്ചടിയാകുന്നത്. രണ്ടു പതിറ്റാണ്ടായി തരിശുകിടന്ന 25 ഹെക്ടർ പാടം എട്ടു കർഷകരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട പാടശേഖരസമിതിയിലൂടെ വീണ്ടെടുക്കുകയായിരുന്നു. 2015 മുതൽ നെല്ല് കൃഷി ചെയ്തെങ്കിലും കാര്യമായ ലാഭമുണ്ടായില്ല. നഷ്ടം ഏറിയതോടെ പലരും പിൻവാങ്ങി. കഴിഞ്ഞ വർഷം പാടശേഖര സമിതി പ്രസിഡന്റും സെക്രട്ടറിയും മാത്രമാണ് കൃഷി ഇറക്കിയത്.

നെല്ല് വിളവാകുമ്പോൾ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്തെടുക്കുവാൻ കഴിയുന്നില്ല. കൃഷി ചെയ്തപ്പോഴെല്ലാം കൊയ്ത്ത് പ്രതിസന്ധിയിലായി. കൊയ്ത്ത് യന്ത്രം പുതയുന്നതിനാൽ തൊഴിലാളികളെ നിറുത്തിയാണ് വിളവെടുപ്പ് നടത്തിയത്. ചെളിയിൽ പുതഞ്ഞ യന്ത്രം ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റാനും കർഷകർക്ക് വലിയ തുക നൽകേണ്ടിവന്നു.
നഷ്ടമേറിയതിനാൽ കഴിഞ്ഞവർഷം കർഷകർ മടിച്ചു.

തടസമാകുന്നത് തോട്

പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴി തൊടുകുളം ഭാഗത്തുനിന്ന് ഉത്ഭവിച്ച് വിജയപുരം പാടശേഖരത്തിലൂടെ മാവര വലിയ തോട്ടിൽ എത്തുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യം വരുന്ന തോടാണ് കർഷകർക്ക് ദുരിതമാകുന്നത്.

മണ്ണ് ഒലിച്ചിറങ്ങി തോട് നികന്നതോടെ വെള്ളം സുഗമമായി ഒഴുകില്ല. തോട്ടിലെ ഒഴുക്ക് തടസപ്പെട്ടതോടെ പാടശേഖരത്തിലെ വെള്ളം ഒഴുക്കി വിടുന്നതിനും ആവശ്യമുള്ളപ്പോൾ കൃഷിക്ക് ഉപയോഗിക്കാനും കഴിയാതെയായി.

തോടിന്റെ ആഴവും വീതിയും കൂട്ടി നവീകരിച്ചെങ്കിൽ മാത്രമേ കൃഷിക്ക് ഉപയോഗ്യമാകുകയുള്ളൂ.

'നവകേരള സദസിൽ തോട് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നിവേദനം നൽകിയിരുന്നു. ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

കൃഷി ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ശ്രമം നടത്തണം. തോട് നവീകരിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടിവരും.

ബാബു ടി.ജോർജ് (പ്രസിഡന്റ്),
വി.കെ.സോമൻ (സെക്രട്ടറി)

വിജയപുരം മാവരപടശേഖര സമതി