പത്തനംതിട്ട : സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ വിശ്രമകേന്ദ്രത്തിനൊപ്പം വനിതാ കാന്റീൻ കൂടി ആരംഭിക്കാൻ നീക്കം. ജില്ലാ പഞ്ചായത്തിനായിരിക്കും നിർമ്മാണ ചുമതല.
മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചായിരുന്നു വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം. ജില്ലാ ആസ്ഥാനത്തെത്തുന്ന സ്ത്രീകളും മറ്റുയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് വിശ്രമകേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചത്. 2019ൽ റോസ്ലിൻ സന്തോഷ് നഗരസഭാദ്ധ്യക്ഷയായപ്പോഴാണ് ഇതിനായി നഗരസഭയുടെ സ്ഥലം വിട്ടുനൽകിയത്.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല. 65 ലക്ഷംരൂപ പദ്ധതിക്ക് ചെലവായി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിലും പണി തീരുമ്പോൾ നഗരസഭയ്ക്ക് കെട്ടിടം കൈമാറുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ഇതുവരെ കൈമാറിയിട്ടില്ല.
ഇൻഫർമേഷൻ സെന്റർ വഴി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ശബരിമല എന്നിവയെക്കുറിച്ച് ഈ കേന്ദ്രത്തിലൂടെ കൂടുതൽ അറിയാൻ ക്രമീകരണമൊരുക്കുമെന്ന് മുമ്പ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മണ്ഡലലത്ത് ഇതുണ്ടായില്ല.
രണ്ടുനില കെട്ടിടത്തിന് 2400 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഭക്ഷണസൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ, ടോയ്‌ലറ്റുകൾ, മുലയൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള മുറികൾ, ഇൻഫർമേഷൻ സെന്റർ, പുസ്തകശാല തുടങ്ങിയ ക്രമീകരണങ്ങൾ കെട്ടിടത്തിലുണ്ടാകുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഭക്ഷ്യവകുപ്പിന്റെ ബഡ്ജറ്റ് ഹോട്ടൽ ഇവിടെ തുടങ്ങാനും ആലോചനയുണ്ടായിരുന്നു. ഫർണിച്ചർ വാങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഫണ്ട് ലഭിച്ചില്ല.
----------------
വിശ്രമകേന്ദ്രം നിർമ്മാണ ചെലവ് : 65 ലക്ഷം
2 നില കെട്ടിടം