ചെങ്ങന്നൂർ: വിഷരഹിത കാർഷിക വിഭവങ്ങളും ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻകാവ് ചൊവ്വാഴ്ച ചന്ത ആരംഭിച്ചു. നമ്മുടെ പുത്തൻകാവ് ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുത്തൻകാവ് ഇടനാട് പാലത്തിന് സമീപം ആരംഭിച്ച ചന്ത മെട്രോപോലീത്തൻ സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ ജോർജ് ജോണിന് ആദ്യ വിൽപന നടത്തി മുൻ നഗരസഭ ചെയർപേഴ്സൺ വത്സമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ഇന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യു തോമസ് കോർഎപ്പിസ്‌കോപ്പ, ഫാ.തോമസ് പി നൈനാൻ, അഡ്വ.ജെയിംസ് ജോൺ, ബാബു അലക്സാണ്ടർ, പ്രൊഫ.ജോർജ് ജോസഫ്, ഡോ.എബി പി കോശി, എസ്.മുരളീകൃഷ്ണൻ, ബാബു പള്ളിക്കൽ, മാത്യു ഐയ്പ്പ്, ഏബ്രഹാം തോമസ്, ജോർജ് ജോൺ, ജിനു ജോർജ്, ഗീവർഗീസ് ജോസഫ് എന്നിവർ സംസാരിച്ചു.
നൂറാമത് വിപണിയിലേക്ക് കടക്കുന്ന ആലാ വിപണിയുടെ തുടർച്ചയായുള്ള മൂന്നാമത് വിപണിയാണ് പുത്തൻകാവിൽ ആരംഭിച്ചത്. വെണ്മണി ശാർങക്കാവിലും ഗവ.ഐ.ടി.ഐക്ക് സമീപം ഈപ്പച്ചൻ പടിയിലുമാണ് വിപണി തുടങ്ങിയത്. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5 മണിക്കാണ് വിപണി നടക്കുക. നിരവധി കർഷകരാണ് കാർഷിക വിഭവങ്ങളുമായി വിപണിയിൽ എത്തിയത്. പച്ചക്കറികൾ, ആറ്റുമീൻ, പലഹാരങ്ങൾ, വൃക്ഷ ത്തൈകൾ തുടങ്ങി അനേകം സാധനങ്ങൾ വിപണിയിൽ എത്തിയിരുന്നു. സൗജന്യമായി പച്ചക്കറി വിത്തുകളും വിതരണം നടത്തി. നൂറു കണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങുന്നതിന് എത്തിയത്.