കോന്നി : അരുവാപ്പുലത്തെ സർ‌ക്കാർ തടി ഡിപ്പോയിൽ മറയൂർ ചന്ദനത്തിന്റെ ചില്ലറ വില്പനയിൽ പുരോഗതി. കൊവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം വിൽപന കുറഞ്ഞെങ്കിലും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.. 2018 ലാണ് ഡിപ്പോയിൽ ചന്ദനത്തടിയുടെ വിൽപന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 5 ,63,186 രൂപയുടെ വിൽപ്പനയാണ് നടന്നത്. ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പുമായി എത്തുന്നവർക്ക് ഇവിടെ നിന്ന് ചന്ദനം വാങ്ങാം. ആരാധനാലയങ്ങൾ, അംഗീകൃത മരുന്ന് നിർമ്മാണ യൂണിറ്റുകൾ, കരകൗശല നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് പരിധി ബാധകമല്ല.

2018 ൽ സംസ്ഥാനത്ത് കുളത്തൂപ്പുഴ (കൊല്ലം), കോന്നി (പത്തനംതിട്ട), വീട്ടൂർ (എറണാകുളം), കണ്ണോത്ത് (കണ്ണൂർ), ചാലിയം (കോഴിക്കോട്), പരപ്പ (കാസർകോട്) എന്നീ 6 ഡിപ്പോകളിലാണ് ചന്ദനമുട്ടികളുടെ വിതരണം തുടങ്ങിയത്. കോന്നി ഡിപ്പോയിൽ മുന്തിയ ഇനം ചന്ദനം മൂന്നു ക്ലാസുകളായി തിരിച്ചാണ് വില്പന നടത്തിയിരുന്നത്. ഗോട്‌ല, ബഗ്രദാദ്, സാപ് വുഡ് ബില്ലറ്റ് എന്നീ ക്ലാസുകളിലുള്ള ചന്ദനമുട്ടികളാണ് ഡിപ്പോയിലുള്ളത്. ഗോട്‌ല കിലോയ്ക്ക് 22 ,000 , ബഗ്രദാദ് 17 , 500 .എന്നിങ്ങനെയാണ് വില.

വ്യക്തികൾക്ക് ഒരു കിലോ വരെയും മരുന്ന്, ശിൽപം എന്നിവ നിർമ്മിക്കുന്നവർക്ക് ലൈസൻസിന്റെ അടിസ്ഥാനത്തിൽ 10കിലോ വരെയും ലഭിക്കും. ക്ഷേത്രത്തിലേക്ക് ആവശ്യത്തിനും ലഭ്യമാകും. ഗോട്‌ല ശിൽപ നിർമ്മാണത്തിനും സാപ് വുഡ് ക്ഷേത്രത്തിലെ ആവശ്യത്തിനും ഉപയോഗിക്കുന്നു. ബഗ്രദാദ് മരുന്നുകൾക്കും വീടുകളിലെ ആവശ്യത്തിനും ഉപയോഗിക്കുന്നു. ഡിപ്പോയിലെ ഫോൺ നമ്പർ : 0468 2247927

വനം വകുപ്പിന്റെ പുനലൂർ ടിംബർ ഡിവിഷന്റെ കീഴിലാണ് അരുവാപ്പുലത്തെ ചന്ദന ഡിപ്പോ പ്രവർത്തിക്കുന്നത്.

എസ് ശശീന്ദ്രകുമാർ ( ഫോറസ്റ്റ് റേഞ്ച് ഓഫീസർ )

------------

ചന്ദമുട്ടികൾ 3 ക്ളാസുകളിൽ

1.ഗോട്‌ല,

2.ബഗ്രദാദ്,

3.സാപ് വുഡ് ബില്ലറ്റ്


.