ചെങ്ങന്നൂർ; കാട്ടുപന്നിശല്യം മൂലം പാണ്ടനാട്, വെൺമണി നിവാസികൾ പൊറുതിമുട്ടി. പാണ്ടനാട് കീഴ് വന്മഴി കളത്രപ്പടിക്ക് സമീപം കഴിഞ്ഞ ദിവസം വെളുപ്പിന് 4ന് പത്രവിതരണക്കാരനായ കൊട്ടാരത്തിൽ അനിയന്റെ സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി. കഴിഞ്ഞ ദിവസം ഇൗ ഭാഗത്തെ കാർഷിക വിളകൾ പന്നി നശിപ്പിച്ചു.
കാടുപിടിച്ചുകിടക്കുന്ന സമീപത്തുള്ള പല പറമ്പുകളുമാണ് .കാട്ടുപന്നികളുടെ താവളം. ചെങ്ങന്നൂർ മേഖലയിൽ മുളക്കുഴ , വെണ്മണി പഞ്ചായത്തുകളിലാണ് ആദ്യം കാട്ടുപന്നികളുടെ ശല്യം ഉണ്ടായത് . മുളക്കുഴ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു .വെൺമണിയിൽ തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. പിന്നീട് ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തും പന്നിയെത്തി. ഇടനാട് , അങ്ങാടിക്കൽ വാർഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്
വെൺമണി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മംഗലത്ത് വീട്ടിൽ ജോൺസൺ ഐപ്പിന്റെ കാർഷികവിളകൾ നശിപ്പിച്ചു.
മുമ്പും ഇവിടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. 7 മാസം വളർച്ചയെത്തിയ മരച്ചീനിയായിരുന്നു അന്ന് നശിപ്പിച്ചത്.
സമീപമുള്ള പറമ്പിൽ വർഷങ്ങളായി ടാപ്പിംഗ് ഇല്ലാതെ റബർ മരങ്ങൾ വളർന്നു നിൽക്കുകയാണ്. ഇവിടെത്തെ അടിക്കാടുകളാണ് പന്നിയുടെ താവളം.