തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കണ്ണാട്ടുകുഴി പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറിയതോടെ യാത്രക്കാർ ഭീതിയിലായി. ചാത്തങ്കരി തോടിന് കുറുകെ കോച്ചാരിമുക്കം - പെരിങ്ങര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. പെരിങ്ങര ഭാഗത്തെ അപ്രോച്ച് റോഡാണ് തകർന്നത്. പാലവുമായി ബന്ധിക്കുന്ന ഭാഗത്ത് നിന്ന് മദ്ധ്യത്തിലൂടെ റോഡ് വിണ്ടുകീറി കുറേഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ദിവസവും നൂറിലേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. സംരക്ഷണഭിത്തിയും റോഡിലെ കലുങ്കും തകർന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയിൽ രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച പാലമാണിത്. അടുത്തകാലത്ത് നിർമ്മാണ സാമഗ്രികളുമായി ഭാരംകയറ്റിയ വാഹനങ്ങൾ കൂടുതലായി പോയതാണ് റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തുകൂടി ഒഴുകുന്ന ചാത്തങ്കരി തോട്ടിലൂടെ മഴക്കാലത്ത് ശക്തമായ കുത്തൊഴുക്ക് രൂപപ്പെടാറുണ്ട്. ഇതുകാരണം റോഡ് വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയുമുണ്ട്. റോഡിന്റെ തകർച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
------------------------
കണ്ണാട്ടുകുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിലൂടെ പേടിച്ചാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ തകർച്ച പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
ബിജു ഏബ്രഹാം
പ്രദേശവാസി