ചെങ്ങന്നൂർ : വിഷുവെത്തിയതോടെ വെൺമണി മാമ്പ്രപ്പാടത്ത് പച്ചക്കറികളുടെ വിളവെടുപ്പു തുടങ്ങി. ഇപ്പോൾ പച്ചക്കറികൾക്കു ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിളവ് മുൻവർഷങ്ങളെ അപേക്ഷിച്ചു കുറവാണെന്ന് കർഷകർ പറയുന്നു. വെള്ളത്തിന്റെ കുറവും വേനൽച്ചൂടുമാണ് കാരണം. വെള്ളരി, പടവലം, പയർ , ചീര എന്നിവയുടെ വിളവെടുപ്പാണ് തുടങ്ങിയത്. എല്ലാവർഷവും ടൺകണക്കിന് പച്ചക്കറികളാണ് ഇവിടെനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറിപ്പോകുന്നത്. ജില്ലയിലെതന്നെ പ്രധാനപ്പെട്ട പച്ചക്കറി ക്ലസ്റ്ററുകളാണ് മാമ്പ്രപ്പാടശേഖരത്തിലുള്ളത്. ഗ്രാമശ്രീ, കീർത്തി, നവ്യശ്രീ എന്നിങ്ങനെ മൂന്നു ക്ലസ്റ്ററുകളിലായി 50 കർഷകരാണ് പച്ചക്കറിക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മുൻവർഷങ്ങളിൽ 40 ഏക്കറിലായിരുന്നു കൃഷിചെയ്തിരുന്നത്. ഈവർഷം അത്രയുമില്ലെന്ന് ക്ലസ്റ്റർ ഭാരവാഹികൾ പറഞ്ഞു കാലാവസ്ഥാ വ്യതിയാനംമൂലം ഒട്ടേറെ കർഷകർ കൃഷിചെയ്യാൻ ഈവർഷം തയ്യാറായില്ല . കനാലുകളിലും, തോടുകളിലും കിണറുകളിലും വെള്ളം കുറഞ്ഞതും കൃഷിയെ കാര്യമായി ബാധിച്ചു. കൂടുതൽ പേർക്ക് കൃഷി ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിലും വെള്ളത്തിന്റെ അഭാവവും കാലവസ്ഥ മാറ്റവും വിളവുകുറയാൻ കാരണമായി. കഠിനമായ ചൂട് വിളകളെ ബാധിക്കുന്നുണ്ടെന്ന് കർഷകനായ ശശിധരൻ പിള്ള പറഞ്ഞു എല്ലാ ക്ലസ്റ്ററുകളും ഒരുമിച്ച് കൃഷി ചെയ്കുകയും , വെള്ളം ലംഭിക്കാനും വളപ്രയോഗത്തിനുമുള്ള സൗകര്യങ്ങളുമുണ്ടെങ്കിൽ മികച്ച് വിളവ് ലഭിക്കുമെന്ന് മുൻ കൃഷി ഓഫിസർ ജയചന്ദ്രൻ പറഞ്ഞു.