vishu
ചെങ്ങന്നൂർ എം സി റോഡിൽ പുത്തൻവീട്ടിൽപ്പടിക്ക് സമീപം കൃഷ്ണ വിഗ്രഹങ്ങള്‍ തയ്യാറാക്കി രാജസ്ഥാന്‍ സ്വദേശി വിൽപ്പന നടത്തുന്നു

ചെങ്ങന്നൂർ : വിഷു എത്തിയതോടെ നഗരത്തിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പനയ്ക്കായി എത്തി. ചെങ്ങന്നൂർ എം.സി റോഡിൽ പുത്തൻവീട്ടിൽപ്പടിക്ക് സമീപം പഴവന ഗ്രൗണ്ടിന് മുൻവശത്താണ് കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമ്മിച്ച വിഗ്രഹങ്ങൾ വില്പനയ്ക്കുള്ളത്. രാജസ്ഥാൻ സ്വദേശികളാണ് വില്പനക്കാരിൽ മിക്കവരും. രാജസ്ഥാനിലെ ജോദ് പൂർ സ്വദേശി ഗോപീ റാം കഴിഞ്ഞ നാല് വർഷമായി ഇവിടെ വിഗ്രഹങ്ങൾ വില്പന നടത്തുന്നുണ്ട്. ആറ് ഇഞ്ച് മുതൽ രണ്ടര അടി വരെ ഉയരമുള്ള വിഗ്രഹങ്ങളുണ്ട്. വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതും ചായം പൂശുന്നതുമുൾപ്പെടെയുള്ള പണികൾ നടത്തുന്നതും ഗോപീ റാം ആണ്. മുൻവർഷങ്ങളിൽ മറ്റ് ദേവീദേവന്മാരുടെ രൂപങ്ങളും വില്പനയ്ക്ക് എത്തിച്ചിരുന്നു. എന്നാൽ വിഷുക്കാലത്ത് കൃഷ്ണ വിഗ്രഹങ്ങൾ മാത്രമാണ് വിറ്റുപോയത്. അതിനാൽ ഇക്കുറി കൃഷ്ണരൂപം മാത്രമാണ് എത്തിച്ചത്. 250 രൂപ മുതൽ 350 രൂപ വരെയാണ് വില. വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതിവിഗ്രഹങ്ങളും ഗോപീ റാം എത്തിക്കുന്നുണ്ട്.