
ചെങ്ങന്നൂർ: ചെങ്ങന്നൂർ മൂലപ്പടവ് നേതാജി റോഡിന് സമീപമുള്ള തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. എം സി റോഡിനേയും മാവേലിക്കര കോഴഞ്ചേരി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലും സമീപമുണ്ട്. മാർത്താ മറിയം ഫെറോന പള്ളി, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസ്, പൊലീസ് സ്റ്റേഷൻ, പൊലീസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലേക്ക് പോകുന്നതും ഈ വഴിയാണ്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മാലിന്യം തള്ളിയതെന്ന് സമീപ വാസികൾ പറഞ്ഞു. മഴ പെയ്താൽ മാലിന്യം ഒഴുകി ചെങ്ങന്നൂർ സബ് സ്റ്റേഷന് സമീപത്തുകൂടിയുള്ള തോട്ടിലൂടെ ഊടാകുളം ഭാഗത്തുള്ള പാടത്ത് എത്തും.