ettamkutti-
റോഡ് വികസനത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയ വകയാറിലെ എട്ടാംകുറ്റി

ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യം

കോന്നി: ചരിത്ര സ്മരണകളുറങ്ങുന്ന വകയാറിലെ എട്ടാംകുറ്റി സംരക്ഷണമില്ലാതെ പെരുവഴിയിലായി'.പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി ഇളക്കിമാറ്റിയ എട്ടാം കുറ്റി ഇതുവരെ പുന:സ്ഥാപിച്ചില്ല. രാജഭരണ കാലത്ത് രണ്ട് മൈൽ കൂടുമ്പോൾ ദൂരം കണക്കാക്കാൻ സ്ഥാപിച്ചിരുന്ന കുറ്റികളിലൊന്നാണിത്. പത്തനാപുരം- കോന്നി റോഡിൽ എട്ടാംകുറ്റി വകയറിലും പത്താംകുറ്റി കോന്നിയിലുമായിരുന്നു. വകയാറിൽ നേരത്തെ വലിയകാവ് എന്നരിയപ്പെട്ടിരുന്ന സ്ഥലം മൈൽക്കുറ്റി സ്ഥാപിച്ചതോടെ എട്ടാംകുറ്റിയെന്ന് അറിയപ്പെട്ടുതുടങ്ങി. വകയാർ കോട്ടയം മൂക്കിനും കുളത്തിങ്കലിനും ഇടയിലുള്ള ഭാഗമാണിത്. കലഞ്ഞൂരിനും പത്തനാപുരത്തിനും ഇടയിൽ അത്തരത്തിൽ ഒന്നാം കുറ്റിയെന്ന സ്ഥലപ്പേരും ഉണ്ടായി.

വകയാറിൽ ഇളക്കിമാറ്റിയ കുറ്റിക്ക് ഒന്നരമീറ്റർ നീളമുണ്ട്. ഇതിൽ എട്ട് എന്ന് കൊത്തിവച്ചിട്ടുണ്ട്. നൂറു വർഷങ്ങൾക്ക് മുമ്പ് മൺപാതയായിരുന്നു ഇത്. അന്ന് കാളവണ്ടികളും കാൽനടയാത്രക്കാരുമായിരുന്നു കൂടുതലും . പത്തനാപുരം മുതൽ കോന്നി വരെ പത്തുമൈൽ ആയിരുന്നു ദൂരം. അക്കാലത്ത് റോഡിൽ വിവിധ നിറത്തിലുമുള്ള മൈൽക്കുറ്റികൾ ഉണ്ടായിരുന്നു. ഓറഞ്ച് നിറമുള്ള മൈൽക്കുറ്റികൾ, ഗ്രാമ പ്രദേശത്തേക്ക് പ്രവേശിക്കാൻ തുടങ്ങുന്നുവെന്നും പച്ചനിറമുള്ള മൈൽക്കുറ്റികൾ, സംസ്ഥാനപാതയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നുവെന്നും മഞ്ഞനിറമുള്ള മൈൽക്കുറ്റികൾ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നു എന്നും സൂചിപ്പിക്കാനുള്ളതായിരുന്നു. രണ്ടു വർഷം മുമ്പ് പുനലൂർ- മുവാറ്റുപുഴ സംസ്ഥാനപാത വികസിപ്പിച്ചപ്പോഴാണ് വകയാറിലെ എട്ടാം കുറ്റി ഇളക്കിമാറ്റിയത്. എട്ടാംകുറ്റി സംരക്ഷിക്കണമെന്ന് വകയാർ സ്വദേശിയായ എഴുത്തുകാരൻ എം.ഗിരീശൻ നായർ അന്ന് സമൂഹമാദ്ധ്യമത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു കെ യു ജനീഷ്‌കുമാർ എം .എൽ.എയെ വിവരം അറിയിച്ചു. പണി പൂർത്തിയാകുമ്പോൾ എട്ടാംകുറ്റി പുന:സ്ഥാപിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകിയിരുന്നു.