അടൂർ : തൈകളുടെയും ചെടികളുടെയും ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് നെടുമൺ സഹകരണ ബാങ്ക് തുടങ്ങിയ പ്ലാന്റ് നഴ്സറി ഫലം കണ്ടില്ല. 2021ലാണ് നെടുമൺ സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ 17 ലക്ഷം രൂപ ചെലവിൽ നഴ്സറിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനായി എഴംകുളം പ്ലാന്റേഷൻ ജംഗ്ഷന് സമീപം വാടകയ്ക്ക് 38.5 സെന്റ് സ്ഥലവും ഏറ്റെടുത്തു. തുടർന്ന് ഇവിടെ അതിരുതിരിച്ച് മതിൽ കെട്ടി മൂന്ന് ഷെഡുകളും സ്ഥാപിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തുടർപ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഒരുമാസം മുമ്പ് കാടുതെളിച്ച് വൃത്തിയാക്കിയിരുന്നു. ഇനി വീണ്ടും വൃത്തിയാക്കിയാൽ മാത്രമേ നഴ്സറിയുടെ പ്രവർത്തനം ആരംഭിക്കാനാകൂ. കൂടാതെ ഷെഡ്ഡുകൾക്കും അറ്റകുറ്റ പണികൾ ആവശ്യമായി വന്നേക്കും.
പണികൾ ഏകദേശം പൂർത്തിയായികൊണ്ടിരിക്കുകയാണ്. ചെടികൾ എത്തിച്ച് സെറ്റ് ചെയ്ത് ഉദ്ഘാടനം നടത്താനാണ് തീരുമാനം.
ഏഴംകുളം നൗഷാദ്,
നെടുമൺ സഹകരണ ബാങ്ക് പ്രസിഡന്റ്
2021ൽ തുടങ്ങി ഇഴഞ്ഞുനീങ്ങുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കി സാധാരണക്കാർക്ക് ഉപകാരപ്രദമാക്കണം.
ശ്രീദേവി ബാലകൃഷ്ണൻ, വാർഡ് അംഗം
ചെലവിട്ടത് : 17 ലക്ഷം രൂപ