 
ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനത്തെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് മുത്താരമ്മയ്ക്ക് മഞ്ഞൾ നീരാട്ട് നടന്നു. ശിവരാത്രി നാൾ മുതൽ കാപ്പുകെട്ടി വ്രതമനുഷ്ഠിച്ച 30 പിണിയാളുകൾ ഗുരുസ്വാമി നടേശൻ ആചാരിയുടെ അനുഗ്രഹം വാങ്ങി പൂപ്പട വാരിയെറിഞ്ഞ് ഉറഞ്ഞുതുള്ളി കമുകിൻ പൂക്കുലയമായി വെട്ടിത്തിളയ്ക്കുന്ന മഞ്ഞൾ നീരിൽ നീരാടി. മുത്തുമാരി അമ്മൻ താരാട്ട് പാട്ടും പമ്പമേളവും അകമ്പടിയേകി. ഭക്തജനങ്ങളുടെ വഴിപാട് വാർപ്പുകൾ ഉൾപ്പടെ 28 ചെറുതും വലുതുമായ വാർപ്പുകളിൽ മഞ്ഞൾപ്പൊടി, അഷ്ടഗന്ധം, വെരുകിൻ പുഴു, അത്തർ, പനിനീർ ഉൾപ്പടെ 301 കിലോയോളം സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചതായി സംഘാടകർ പറഞ്ഞു. മഞ്ഞൾ കുങ്കുമവും പനിനീരും അത്തറും പ്രത്യേക അനുപാതത്തിൽ എള്ളെണ്ണയിൽ ചാലിച്ച മിശ്രിതമായ "മഞ്ചണ"യും പൂക്കുല അംശവും പായസവും പ്രസാദമായി നൽകി. മഞ്ഞൾ നീരാട്ടിന് ശേഷം ഭക്തജനങ്ങൾക്ക് കഞ്ഞിവീഴ്ത്തും നടന്നു. ശേഷം നടയടച്ചു. ശനിയാഴ്ച നട തുറക്കും. 14 ന് ഷഷ്ഠി ആയതിനാൽ സുബ്രഹ്‌മണ്യ നടയിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. റ്റി.സി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് ) പി.എൻ കുമാരസ്വാമി (സെക്രട്ടറി) മനുകൃഷ്ണൻ.എം (ഖജാൻജി), കെ.എൻ അനന്തകൃഷ്ണൻ, ഗിരീഷ് നടരാജൻ (ജോ. സെക്രട്ടറി), അനിൽകുമാർ എം.സി (ജനറൽ കൺവീനർ), എം.വി മുരുകേശ്, പ്രമോദ്.എ, മനു എം.ബി, റ്റി.എസ് സുനിൽകുമാർ,(കൺവീനർമാർ ) എന്നിവർ നേതൃത്വം നൽകി.