കോന്നി: ഇക്കോ ടുറിസം സെന്ററിലെ എൻ.എം.ആർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ഇവിടെ 6 താത്കാലിക ആനപ്പാപ്പാന്മാരും 3 സ്ഥിരം പാപ്പാന്മാരുമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചതിന് ശേഷമുണ്ടായ ബഡ്‌ജറ്റ്‌ അലോട്ട്‌മെന്റ് വൈകുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ആനയുടെയും പാപ്പാന്മാരുടെയും ചെലവ് കണക്കാക്കിയാണ് വനം വകുപ്പ് എസ്റ്റിമേറ്റ് തയ്യാറുക്കുന്നത്. എസ്റ്റിമേറ്റ് ഫണ്ട് വന്നാൽ മാത്രമേ ഇവർക്ക് ശമ്പളം ലഭിക്കു. നേരത്തെ ഇത്തരത്തിൽ ശമ്പളം മുടങ്ങിയപ്പോൾ ഇക്കോ ടുറിസം ഫണ്ട് ഉപയോഗിച്ച് ഇവർക്ക് ശമ്പളം നൽകിയിരുന്നു. എന്നാൽ ഇതിനു വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. ശമ്പളം ലഭിക്കാതെ വന്നതോടെ ഒരു ദിവസം ഇവർ പണിമുടക്കിയിരുന്നു. ശമ്പളം മുടങ്ങിയതോടെ 3 എൻ എം ആർ ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോയി. ഇവർ ഇപ്പോൾ ഉത്സവപ്പറമ്പുകളിൽ ആനകളുടെ രണ്ടാം പാപ്പനായി ജോലി ചെയ്യുന്നു.