ചെങ്ങന്നൂർ: റോഡരികിലെ പോസ്റ്റുകളിൽ താണുകിടക്കുന്ന ഉപയോഗരഹിതമായ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയായി. പെണ്ണുക്കരയിൽ ലോറി വലിച്ചുപൊട്ടിച്ച കേബിളിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ അപകട സാദ്ധ്യത. റോഡിൽ വീണുകിടക്കുന്ന കേബിൾ കാലിൽചുറ്റി വീഴുന്ന കാൽനടയാത്രക്കാരുമുണ്ട്. ബൈക്കിന്റെ ഹാൻഡിലിൽ കേബിൾ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ടു വീണവരുമുണ്ട്.
വൈദ്യുതി പോസ്റ്റുകളിൽ കേബിൾ വലിക്കാൻ നൽകിയ അനുമതിയുടെ മറവിൽ ഇടറോഡുകളിൽ ട്രാൻസ്‌ഫോമർ പോസ്റ്റുകളിൽ ഉൾപ്പെടെ കേബിളുകൾ വലിച്ചിരിക്കുകയാണ്. പലതും ഉപയോഗ ശൂന്യമാണ്. താഴ്ന്നുകിടക്കുന്ന കേബിളുകൾ ഉയർത്തിക്കെട്ടേണ്ട ഉത്തരവാദിത്തം നാട്ടുകാരുടെതാണ് എന്ന മട്ടിലാണ് അധികൃതർ. അപകടങ്ങൾ പലതുണ്ടായിട്ടും ഉപയോഗ രഗിതമായ കേബിളുകൾ നീക്കംചെയ്യാൻ നടപടിയില്ല.
പൊതുനിരത്തിലെ കേബിളുകൾ മരണക്കുരുക്കാകുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ അതോറിറ്റി പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വൈദ്യുതി പോസ്റ്റിലൂടെ കേബിൾ ഇടാൻ ആർക്കൊക്കെയാണ് അനുമതി നൽകിയിരിക്കുന്നത് എന്ന കാര്യത്തിൽ കെ.എസ്.ഇ.ബിക്കു നിശ്ചയമില്ല. കേബിൾ താഴുന്ന കിടക്കുമ്പോൾ ഓഫീസിൽ അറിയിച്ചാൽ പരിഹാരം കാണുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മനോജ് പറഞ്ഞു.