പത്തനംതിട്ട: പണത്തിനും അധികാരത്തിനുംവേണ്ടി സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ അനിൽ കെ. ആന്റണി മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസിന്റെ യഥാർത്ഥ അവതാരമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാ പിതാക്കളേയും ഗുരുക്കന്മാരെയും ഈശ്വരനായി കാണുന്ന ഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊള്ളുന്ന ബി.ജെ.പി പ്രവർത്തകർ അനിൽ കെ. ആന്റണിയുടെ പിതൃനിന്ദ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുകയാണ്. ദേശീയ തലത്തിൽ നരേന്ദ്രമോദിയും ബി.ജെ.പിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചാരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി വിജയൻ ലക്ഷ്യമിടുന്നത്.
രാജ്യവ്യാപകമായി വൻ സ്വീകാര്യത നേടിയ കോൺഗ്രസിന്റെ പ്രകടന പത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്. പിണറായി വിജയൻ മോദിയേക്കാൾ പതിൻമടങ്ങ് വർഗീയത ചേർത്തു പറഞ്ഞ് പ്രകടന പത്രികയെ എതിർക്കുന്നു. കേരളത്തിൽ ബി.ജെ.പി വിജയിക്കുമെന്നാണ് മോദി ആവർത്തിക്കുന്നത് ഇവർ തമ്മിലുള്ള അന്തർധാര ഉള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. കെ.ശിവദാസൻ നായർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, .യുഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോൺസൺ വിളവിനാൽ, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, റിങ്കു ചെറിയാൻ, കാട്ടൂർ അബ്ദുൾസലാം എന്നിവർ പങ്കെടുത്തു.