sannisdanam
ശബരിമല സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

ശബരിമല : വിഷുക്കണിയുടെ ചൈതന്യവും ഭഗവത് ദർശനത്തിന്റെ പുണ്യവും നുകരാൻ ശബരീശ സന്നിധിയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇന്ന് പുലർച്ചെ 4ന് ആണ് വിഷുക്കണി ദർശനം ആരംഭിക്കുന്നത്. ഇന്നലെ രാത്രി നട അടയ്ക്കുന്നതിന് മുൻപായി മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും കീഴ്ശാന്തി നാരായണൻ പോറ്റിയും പരികർമ്മികളും ചേർന്ന് കണി ഒരുക്കിയ ശേഷമാണ് നടയടച്ചത്. ഇന്ന് പുലർച്ചെ നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ച് അയ്യപ്പ സ്വാമിയെ അദ്യം കണി കാണിക്കും. ഇതിനുശേഷമാണ് തീർത്ഥാടകർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. കണിദർശനത്തോടൊപ്പം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എന്നിവർ തീർത്ഥാടകർക്ക് വിഷുകൈനീട്ടം നൽകും. രാവിലെ 7വരെയാണ് കണി ദർശനം. 7.30 മുതലാണ് നെയ്യഭിഷേകം ഉൾപ്പടെ മറ്റ് പൂജകൾ ആരംഭിക്കുക. തിരക്ക് പരിഗണിച്ച് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തിന് പുറമെ മാളികപ്പുറത്തും പമ്പാ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും. മേൽശാന്തിമാർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. തീർത്ഥാടകരുടെ തിരക്കിനനുസരിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.