ksrtc

പത്തനംതിട്ട : മദ്യപിച്ച് എത്തുന്ന ജീവനക്കാരെ പിടികൂടാൻ കെ.എസ്.ആർ.ടി.സിയിൽ പരിശോധന ശക്തമാക്കുന്നു. ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. മദ്യപിച്ച് എത്തിയ പത്തനംതിട്ട ഡിപ്പോയിലെ നാല് ഡ്രൈവർമാരെ ഡ്യൂട്ടിക്ക് കയറ്റാതെ മാറ്റിനിറുത്തി. ഇവർക്കെതിരെ വകുപ്പുതല നടപടി വരുമെന്നാണ് സൂചന. പുലർച്ചെ പുറപ്പെടുന്ന സർവീസുകളിലെ ഡ്രൈവർമാരാണ് ഇവർ. അപകടങ്ങൾ പതിവാകുന്നതും സർവീസുകൾ താമസിക്കുന്നതും ജീവനക്കാരുടെ പിഴവാണെന്ന ആക്ഷേപം ഉയർന്നതോടെ പരിശോധന ശക്തമാക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഇൻസ്ട്രക്ടർമാർ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ജീവനക്കാരെ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ച് ജോലിക്ക് വരുന്നുണ്ടോ എന്നറിയാൻ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ഡിപ്പോകളിൽ ഏതുസമയത്തും വിജലൻസിന്റെ പരിശാേധനയുണ്ടാകും.