muhammed-hussain
അറസ്റ്റിലായ പ്രതി മുഹമ്മദ് ഹുസൈൻ

തിരുവല്ല : ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈനെ (38) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പാവുക്കര സ്വദേശികളായ നാദിർഷാ, രാഹുൽ എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇല്ലിമല പാലത്തിന് സമീപം അൻസാരി എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിന് മുമ്പിൽ വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം.ചിക്കൻ സെന്ററിലെ മിനിലോറിയുടെ ഡ്രൈവറാണ് മുഹമ്മദ് ഹുസൈൻ. അക്രമണത്തിൽ പരിക്കേറ്റ നാദിർഷ,രാഹുൽ എന്നിവർ മുമ്പ് ചിക്കൻ സെന്ററിലെ ഡ്രൈവർമാരായിരുന്നു. ഇവരെ ഒഴിവാക്കി മുഹമ്മദ് ഹുസൈൻ ജോലിയിൽ കയറിപ്പറ്റിയതിനെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. നാദിർഷയും, രാഹുലും സുഹൃത്ത് റിൻഷാദും രാത്രി പത്തരയോടെ കടയിലെത്തി ഉടമയായ അൻസാറുമായി ഉണ്ടായ വാക്കേറ്റത്തിനിടെ സ്ഥലത്തെത്തിയ മുഹമ്മദ് ഹുസൈൻ, ഇവരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ രാത്രി 11ന് വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിർഷ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.